കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൻ്റെ എഞ്ചിന് തീ പിടിച്ചു; ബെംഗളൂരുവിൽ അടിയന്തര ലാൻഡിംഗ് ; ഒഴിവായത് വൻ ദുരന്തം
ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ തിരിച്ചിറക്കി. ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ഇറക്കി വീണ്ടും പറന്നുയരുന്നതിനിടെ ഇന്നലെ രാത്രി 11നാണ് സംഭവം. എമർജൻസി വാതിലിലൂടെ ഒഴിപ്പിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരുക്കേറ്റു. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ കെടുത്തി.
ഇന്നലെ രാത്രി 7.40ന് പുണെയിൽനിന്നു പുറപ്പെടേണ്ട വിമാനം 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം 10.50ന് കൊച്ചിയിലേക്കു പുറപ്പെട്ടു. വിമാനം പറന്നുയർന്ന് 4 മിനിറ്റിനുശേഷം ചിറകിനടിയിൽ തീ പടരുകയായിരുന്നു.
നേരത്തെ, 137 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളിയിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഉച്ചയ്ക്ക് 12.50നു പുറപ്പെട്ട വിമാനത്തിലെ ക്യാബിൻ മർദസംവിധാനം തകരാറിലായതോടെ ഓക്സിജൻ മാസ്കുകൾ പുറത്തുവന്നു.
ചിലർക്കു ശ്വാസതടസ്സമുണ്ടായി. സുരക്ഷിതമായി ഇറക്കിയ വിമാനത്തിൽനിന്നു യാത്രക്കാരെ പുറത്തെത്തിച്ച ശേഷം തകരാർ പരിഹരിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അയച്ചു.