നീലഗിരി മേഖലയില്‍ കനത്ത മഴ; മണ്ണിടിച്ചിലിനും സാധ്യത; മെയ് 20 വരെ ഊട്ടിയില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശന വിലക്ക്
സഞ്ചാരികളുടെ പ്രിയ ഇടമാണ് ഊട്ടി. ഏതൊരു കുടുംബവും ആദ്യം വിനോദയാത്രയ്ക്ക് പോകാൻ പ്ലാൻ ചെയ്യുന്ന സ്ഥലമാണ് ഊട്ടി. ഇപ്പോഴിതാ ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം ഊട്ടിയിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മെയ് 20 വരെ ആണ് വിലക്കുള്ളത്. കനത്ത മഴക്കും മണ്ണിടിച്ചിലിനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ട് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നീലഗിരി മേഖലയില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ഈ ദിവസങ്ങളില്‍ ഊട്ടിയിലേക്കുള്ള യാത്ര സഞ്ചാരികള്‍ മാറ്റിവെക്കണമെന്ന് നീലഗിരി ജില്ലാ കളക്ടര്‍ എം അരുണിമ നിര്‍ദേശിച്ചു. ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിച്ച് പ്രവൃത്തികള്‍ ഏകോപിപ്പിച്ച ശേഷമാണ് ജില്ലാ കളക്ടര്‍ ഊട്ടിയിലേക്കുള്ള യാത്ര വരും ദിവസങ്ങളില്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച്ച മുതല്‍ നീലഗിരി മേഖലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 18, 19, 20 ദിവസങ്ങളില്‍ 6സെമി മുതല്‍ 20 സെ.മീ വരെ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
‘അടിയന്തര സാഹചര്യം നേരിടാനായി 3,500 ഫസ്റ്റ് റെസ്പോണ്ടേഴ്സും 200 വളണ്ടിയര്‍മാരും 25 അഗ്നിരക്ഷാ വാഹനങ്ങളും മെഡിക്കല്‍ സംഘങ്ങളും തയ്യാറാണ്. ഭക്ഷണവും മരുന്നും അടക്കമുള്ള അത്യാവശ്യ വസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും സ്റ്റോക്കുകള്‍ നീക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്’ എന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ജില്ലാ കളക്ടര്‍ എം അരുണിമ വ്യക്തമാക്കി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ 42 സോണല്‍ കമ്മറ്റികള്‍ 283 മേഖലകള്‍ മുഴുവന്‍ സമയവും നിരീക്ഷിക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനായി 456 സ്ഥലങ്ങള്‍ കണ്ടുവെച്ചിട്ടുണ്ട്. വഴിയോരങ്ങളിലെ അപകടസാധ്യതയുള്ള മരങ്ങള്‍ നീക്കം ചെയ്യാന്‍ ദേശീയ പാതാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് 25,000 സാന്‍ഡ്ബാഗുകള്‍ തയ്യാറാണെന്നും കളക്ടര്‍ അറിയിച്ചു.
ആവശ്യത്തിന് ജീവന് രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നാല്‍ അവശ്യ ഭക്ഷണ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തും. വാഹനങ്ങളും മറ്റും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്താന്‍ അഗ്നി രക്ഷാ സേനയോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
അടിയന്തര സാഹചര്യത്തില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കും. ഈ നമ്പര്‍ വഴി വിവരം ലഭിക്കുന്ന മുറക്ക് ബന്ധപ്പെട്ട വകുപ്പിന് വിവരം കൈമാറുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വെള്ളിയാഴ്ച്ച കൊയമ്പത്തൂര്, നീലഗിരി, സേലം, നാമക്കല്‍, ധര്‍മപുരി, കൃഷ്ണഗിരി ജില്ലകളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഊട്ടിയില്‍ അടക്കം വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഊട്ടിയിലേക്കുള്ള പ്രവേശനം ഇ പാസ് വഴി നിയന്ത്രിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. ഊട്ടിയില്‍ മെയ് മാസത്തില്‍ ശരാശരി 20,000 സഞ്ചാരികള്‍ വന്നിരുന്നത് ഇ പാസ് വന്നതോടെ പകുതിയായി കുറഞ്ഞു. ഇത് വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോട്ടേജുകളിലും ഹോട്ടലുകളിലും നേരത്തെ റൂം ബുക്ക് ചെയ്തവര്‍ പോലും കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇ പാസിനൊപ്പം പൊലീസിന്റെ അനാവശ്യ പരിശോധനകളും അനാവശ്യ പിഴ ഈടാക്കുന്നതുമെല്ലാം സഞ്ചാരികളെ അകറ്റുകയാണെന്നും ടൂറിസം സംരംഭകര്‍ പറയുന്നു.