ഒരിക്കലും ‘പ്രീ ഹീറ്റ്’ ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിൽ മുന്നറിയിപ്പുമായി ഐസിഎംആർ
നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ മുന്നറിയിപ്പുമായി ഐസിഎംആര്‍. ടെഫ്ലോണ്‍ കോട്ടിങ്ങോടു കൂടിയ പാത്രങ്ങള്‍ 170 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാക്കുമ്പോൾ ദോഷകരമായ രാസവസ്തുക്കളും ഉയർന്ന അളവിൽ വിഷ പുകകളും മൈക്രോ പ്ലാസ്റ്റിക്കുകളും പുറന്തള്ളുമെന്നും ഐസിഎംആർ ഐസിഎംആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
പോളിടെട്രാഫ്ലൂറോഎത്തിലീൻ (PTFE) ആണ് നോൺ സ്റ്റിക്ക് പാത്രങ്ങളെ അപകടകാരിയാക്കുന്നത്. കാർബൺ, ഫ്ലൂറിൻ ആറ്റങ്ങൾ അടങ്ങിയ ഒരു സിന്തറ്റിക് രാസവസ്തുവാണ് ഇത്. ഇവ ഉയർന്ന അളവിൽ ചൂടാകുമ്പോൾ മൈക്രോ-നാനോ പ്ലാസ്റ്റിക്കുകള്‍ ഉൾപ്പെടെ ദോഷകരമായ രാസുവസ്തുക്കൾ പുറന്തള്ളുകയും ഇത് ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുകയും ചെയ്യും. ഇത് ഹോർമോൺ അസന്തുലിതാവസ്ഥ, കാൻസർ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ സാധാരണ ഊഷ്മാവില്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ സുരക്ഷിതമാണ്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ വൃത്തിയാക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കോട്ടിങ് ഒരുതരത്തില്‍ ഇളകാത്ത രീതിയില്‍ വേണം പാത്രം വൃത്തിയാക്കാന്‍. സ്പോഞ്ചും സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് നോണ്‍സ്റ്റിക് പാത്രങ്ങള്‍ കഴുകാം.
എങ്ങനെ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കണം
- നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ ഒരിക്കലും പ്രീഹീറ്റ് ചെയ്യരുത്. കാരണം ഇത്തരത്തിലുള്ള പാത്രങ്ങൾ പെട്ടന്ന് ചൂടാകാനും അതിൽ നിന്ന് രാസവസ്തുക്കൾ പുറന്തള്ളാനും സാധ്യതയുണ്ട്.
- ഹൈ ഫ്ലേം ഉപയോഗിച്ച് ഒരിക്കലും നോൺ സ്റ്റിക്ക് പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യരുത്.
- നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചിമ്മിനി ഉണ്ടെങ്കില്‍ നല്ലതാണ്.
- സ്പോഞ്ച് ഉപയോഗിച്ച് മൃദുവായി നോണ്‍-സ്റ്റിക് പാത്രങ്ങള്‍ കഴുകാം.
- നോൺസ്റ്റിക്ക് പാത്രങ്ങളുടെ കോട്ടിങ് നശിക്കുമ്പോൾ പാത്രങ്ങൾ മാറ്റാം