ലോക്സഭാ തെരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ്; 49 മണ്ഡലങ്ങൾ വിധിയെഴുതും; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. പ്രചാരണത്തിൻ്റെ അവസാന ദിനത്തിൽ വോട്ടർ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും. യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിംഗിന് എത്തുന്നത്.
തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 300 ൽ അധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പല സംസ്ഥാനങ്ങളിലും സ്വാധീനം ഇല്ലാത്തത് കൊണ്ട് ബിജെപി 200 സീറ്റിൽ കൂടുതൽ നേടില്ലെന്നും ഖാർഗെ മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടിംഗ് കണക്കുകളിലെ കാലതാമസം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി മറുപടി തേടി. ഹർജിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് സുപ്രീം കോടതി നിർദേശം.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി മനോജ് മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിലെ അന്തിമ ബോട്ടിംഗ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം വന്നെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി.