അംഗൻവാടിക്ക് ഭീഷണിയായി തകർന്ന കെട്ടിടവും മാലിന്യ കൂമ്പാരവും, പ്രതിഷേധവുമായി നാട്ടുകാർ
പൊഴുതന: പൊളിഞ്ഞു വീഴാറായ കെട്ടിടവും മാലിന്യ നിക്ഷേപവും അപകട ഭീഷണി ഉയർത്തുന്നു. പൊഴുതന ഗ്രാമ പഞ്ചായത്തിന് സമീപം അംഗൻവാടിക്ക് പിറകിലായി സ്ഥിതിചെയ്യുന്ന പാതി തകർന്ന കെട്ടിടമാണ് ജീവനക്കാർക്കും കുട്ടികൾക്കും ഭീഷണിയായി മാറിയത്.
മുൻകാലങ്ങളിൽ പഞ്ചായത്തിന്റെ കന്നുകാലി പൗണ്ടായി പ്രവർത്തിച്ച കെട്ടിടമാണിത്. ഇവയുടെ പ്രവർത്തനം വർഷങ്ങൾക്ക് മുമ്പേ പഞ്ചായത്ത് ഉപേക്ഷിച്ചതോടെ കെട്ടിടം നോക്കുകുത്തിയായി മാറുകയും പിന്നീട് കേടുപാടുകൾ സംഭവിക്കുകയുമായിരുന്നു. ചുമരുകൾ തകർന്ന് ഇഷ്ടികൾ നിലം പൊത്തിയ നിലയിലാണ് കെട്ടിടം.
ഈ കെട്ടിടത്തിലാണ് പല ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് കെട്ടിടം പൊളിച്ചുമാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.