പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ മരണം ആത്മഹത്യ, ബെൽറ്റുകൊണ്ട് കഴുത്തുമുറുക്കിയത് പെൺകുട്ടി തന്നെയാകുമെന്ന വിലയിരുത്തലിൽ പൊലീസ്
തൊടുപുഴ: ഇരട്ടയാറിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയുടെ മരണം കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
ബെൽറ്റുകൊണ്ട് കഴുത്തുമുറുക്കിയത് പെൺകുട്ടി തന്നെയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ആദ്യഘട്ടത്തിൽ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ വിശദ പരിശോധനയിൽ പുറത്തുനിന്ന് മറ്റാരും വീട്ടിൽ എത്തിയിട്ടില്ലെന്നു കണ്ടെത്തി. ആൺസുഹൃത്തുമായി മൊബൈൽ വഴി പെൺകുട്ടി വഴക്കുണ്ടാക്കിയിരുന്നെന്നാണ് അമ്മ മൊഴി നൽകിയത്. കൂടാതെ ആത്മഹത്യ ചെയ്യും എന്ന തരത്തിൽ സുഹൃത്തിന് മൊബൈലിൽ സന്ദേശം അയച്ചതായി കണ്ടെത്തി. കൂടുതൽ വ്യക്തതയ്ക്കു വേണ്ടി അടുത്തദിവസം സുഹൃത്തിനെ ചോദ്യം ചെയ്യും.
രണ്ടു വർഷം മുൻപാണ് പെൺകുട്ടി പെണ്‍കുട്ടിയെ മുമ്പ് ആണ്‍സുഹൃത്തും കൂട്ടുകാരനും ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയിരുന്നു. ആ കേസില്‍ പ്രതികളായ യുവാക്കള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അവര്‍ ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുള്ളതെന്നും പൊലീസ് സൂചിപ്പിച്ചു.