മിൽമയിലെ തൊഴിലാളി സമരം ഒത്തു തീർപ്പായി; പാൽ വിതരണം പുനരാരംഭിച്ചു

 മിൽമയിലെ തൊഴിലാളി സമരം ഒത്തു തീർപ്പായി; പാൽ വിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ മിൽമ തിരുവനന്തപുരം മേലഖയിലെ ജീവനക്കാർ നടത്തുന്ന സമരം ഒത്തുതീർപ്പായി. ജീവനക്കാരുടെ സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കണമെന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സംയുക്ത ട്രേഡ്‌ യൂനിയൻ തിങ്കളാഴ്ച സമരം ആരംഭിച്ചത്‌. ഇതോടെ ചൊവ്വാഴ്ച രാവിലെ സ്തംഭിച്ച പാൽ വിതരണം രാത്രി വൈകി പുനരാരംഭിച്ചു.

മിൽമ മാനേജ്മെന്റുമായി തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്, മാനേജിങ് ഡയറക്ടർ പി.മുരളി, മിൽമയിലെ ഐ.എൻ.ടി.യു.സി. യൂണിയനെ പ്രതിനിധാനംചെയ്ത് വി.ജെ.ജോസഫ്‌, സി.ഐ.ടി.യു.വിനായി എസ്.സലീം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചെന്നും ഇത് എഴുതിനൽകാമെന്നും ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ തുടങ്ങിയ ചർച്ച 10 മണിയോടെയാണ് അവസാനിച്ചത്.

തൊഴിലാളികൾക്കു സ്ഥാനക്കയറ്റം നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മിൽമ മേഖലാ ചെയർപേഴ്‌സണെ ഉപരോധിച്ചിരുന്നു. തുടർന്ന് യൂണിയൻ നേതാക്കളായ 20 പേർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് 20 ആളുകളുടെയും പേരിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നു. ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു. തൊഴിലാളികളുടെ പേരിലാണ് മിൽമ മാനേജിങ് ഡയറക്ടറുടെ പരാതിയിൽ കേസെടുത്തത്. കേസുകൾ പിൻവലിക്കണമെന്നും തൊഴിലാളികൾക്കു സ്ഥാനക്കയറ്റം നൽകണമെന്നും ആവശ്യപ്പെട്ടാണ് െഡയറികളിൽ ചൊവ്വാഴ്ച രാവിലെ സമരം ആരംഭിച്ചത്.

മിൽമ തിരുവനന്തപുരം മേഖലാ യൂണിയനു കീഴിലുള്ള അമ്പലത്തറ, കൊല്ലം, പത്തനംതിട്ട െഡയറികളുടെ പ്രവർത്തനം തൊഴിലാളികളുടെ സമരം കാരണം തടസ്സപ്പെട്ടു. ഇതോടെ പാക്കറ്റുകളിലാക്കിയ ലക്ഷക്കണക്കിന് ലിറ്റർ പാൽ ‍ഡെയറികളിൽനിന്ന് ചൊവ്വാഴ്ച പുറത്തേക്കുപോയില്ല. എന്നാൽ, സംഭരണത്തിനു തടസ്സമുണ്ടായില്ല.

കർഷകരിൽനിന്നു സംഭരിക്കുന്ന പാൽ മാത്രമേ െഡയറിയിലേക്കു മാറ്റാനായുള്ളൂ. വിൽപ്പനയ്ക്ക് പാക്കറ്റുകളിലാക്കിയ പാൽ വിതരണം െഡയറികളിൽനിന്നു പുറത്തേക്കുപോയില്ല. മിൽമ തിരുവനന്തപുരം െഡയറിയിൽ രണ്ടുഘട്ടങ്ങളിലായാണ് പാൽ പുറത്തേക്കു പോകുന്നത്. പകൽ 10.30 മുതൽ 3.30 വരെ പോകേണ്ട പാൽ വിതരണമാണ് തടസ്സപ്പെട്ടത്. ഏകദേശം ഒരു ലക്ഷം ലിറ്റർ പാലാണ് ഈ സമയം വിൽപ്പനയ്ക്കു കടകളിലേക്കു കൊണ്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *