ഒരുപടി മുന്നിൽ, ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് രാജ്യത്ത് മൂന്നാം സ്ഥാനം

 ഒരുപടി മുന്നിൽ, ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് രാജ്യത്ത് മൂന്നാം സ്ഥാനം

കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ ഈ വര്‍ഷത്തെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്ക്ക് രാജ്യത്ത് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന എം ജി സര്‍വകലാശാല ഇത്തവണ ഒരു സ്ഥാനം മെച്ചപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും തമിഴ്നാട്ടിലെ അണ്ണാ സര്‍വ്വകലാശാലയുമാണ് റാങ്കിംഗില്‍ ഇന്ത്യയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. എഷ്യന്‍ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ചൈനയിലെ സിന്‍ഹുവ, പീക്കിംഗ് സര്‍വ്വകലാശാലകള്‍ തുടര്‍ച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഈ പട്ടികയില്‍ എംജി സര്‍വ്വകലാശാല 134-ാം സ്ഥാനത്താണ്. എംജി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സര്‍വ്വകലാശാലകളാണ് ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ 150ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം, തുടങ്ങി 18 സൂചകങ്ങള്‍ വിലയിരുത്തിയാണ് റാങ്കിംഗ് നിര്‍ണയിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 739 സര്‍വ്വകലാശാലകളാണ് ഈ വര്‍ഷത്തെ റാങ്ക് പട്ടികയിലുള്ളത്. നാഷണല്‍ അസസ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) നാലാം ഘട്ട റീ അക്രെഡിറ്റേഷനില്‍ എ ഡബിള്‍ പ്ലസ് ഗ്രേഡ് ലഭിച്ചതിനു പിന്നാലെ ഏഷ്യന്‍ റാങ്കിംഗില്‍ രാജ്യത്ത് മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞത് ഏറെ അഭിമാനകരമാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *