യൂറോപ്പിലെ കുപ്രസിദ്ധ മനുഷ്യക്കടത്ത് മാഫിയ തലവനായ ബര്‍സാന്‍ മജീദ് അറസ്റ്റിൽ

 യൂറോപ്പിലെ കുപ്രസിദ്ധ മനുഷ്യക്കടത്ത് മാഫിയ തലവനായ ബര്‍സാന്‍ മജീദ് അറസ്റ്റിൽ

ലണ്ടന്‍: യൂറോപ്പിലെ കുപ്രസിദ്ധ മനുഷ്യക്കടത്ത് മാഫിയ തലവനായ ബര്‍സാന്‍ മജീദ് അറസ്റ്റിലായി. രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന ഇയാളെ ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി(എന്‍.സി.എ) അറിയിച്ചു. അടുത്തിടെ ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ ബര്‍സാന്‍ മജീദ് ഇറാഖിലെ സുലൈമാനിയ നഗരത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മേയ് 12-ാം തീയതി ബര്‍സാന്‍ മജീദ് അറസ്റ്റിലായത്. നേരത്തെ നോട്ടിങ്ഹാമില്‍ താമസിച്ചിരുന്ന ബര്‍സാനെതിരെ ബെല്‍ജിയത്തിലും കേസുണ്ട്. പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും ബെല്‍ജിയത്തിലെ കേസില്‍ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു.

പതിനായിരത്തോളം കുടിയേറ്റക്കാരെയാണ് ബര്‍സാനും സംഘവും ഇതുവരെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അനധികൃതമായി എത്തിച്ചത്. ഇംഗ്ലീഷ് ചാനല്‍ വഴി ബോട്ടുകളിലാണ് ഇയാള്‍ ആളുകളെ കൊണ്ടുവന്നിരുന്നത്. ‘ദി സ്‌കോര്‍പിയന്‍’ എന്ന പേരിലാണ് ബര്‍സാന്‍ മജീദ് അറിയപ്പെട്ടിരുന്നത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് നടന്ന മനുഷ്യക്കടത്തിനെ നിയന്ത്രിച്ചിരുന്നത് ബര്‍സാന്‍ മജീദും സംഘവുമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട 26 പേര്‍ വിവിധ രാജ്യങ്ങളിലായി നേരത്തെ അറസ്റ്റിലായിരുന്നു.

ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലായി പിടിയിലായ ഇവരെ കോടതി ശിക്ഷിക്കുകയുംചെയ്തു. പക്ഷേ, സംഘത്തിന്റെ തലവനായ ബര്‍സാന്‍ മജീദ് ഇക്കാലയളവിലെല്ലാം അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്നു. അടുത്തിടെ ബി.ബി.സി. പുറത്തുവിട്ട അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് ബര്‍സാന്‍ മജീദ് ഇറാഖിലെ സുലൈമാനിയയിലുണ്ടെന്ന് വ്യക്തമായത്. മജീദുമായി നടത്തിയ ഫോണ്‍ സംഭാഷണവും ബി.ബി.സി. പുറത്തുവിട്ടിരുന്നു. ”ഒരുപക്ഷേ ആയിരം, അല്ലെങ്കില്‍ പതിനായിരം, എനിക്കറിയില്ല, ഞാന്‍ അതൊന്നും കണക്കെടുത്തിട്ടില്ല’ എന്നായിരുന്നു മനുഷ്യക്കടത്തിനെക്കുറിച്ച് ഇയാളുടെ പ്രതികരണം.

‘ആരും അവരെ നിര്‍ബന്ധിച്ചിട്ടില്ല, പക്ഷേ, അവരുടെ ആഗ്രഹം അതായിരുന്നു. ദയവായി തങ്ങള്‍ക്ക് വേണ്ടി അത് ചെയ്യണമെന്ന് അവര്‍ തന്നെ യാചിക്കുകയായിരുന്നു. ദൈവത്തെ ഓര്‍ത്ത് ഞാന്‍ അവരെ സഹായിക്കും’- മജീദ് പറഞ്ഞു. താന്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ തലവനല്ലെന്നും മജീദ് ബി.ബി.സിയോട് പറഞ്ഞിരുന്നു.

മേയ് 12-ന് കുര്‍ദിഷ് സുരക്ഷാ ഏജന്‍സിയാണ് ബര്‍സാന്‍ മജീദിനെ അറസ്റ്റ് ചെയ്തതെന്നാണ് ബി.ബി.സി. അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബി.ബി.സി. പുറത്തുവിട്ട വിവരങ്ങളടക്കം ഉപയോഗപ്പെടുത്തിയാണ് സുരക്ഷാ ഏജന്‍സി മജീദിനെ കണ്ടെത്തിയതെന്നും കുര്‍ദിസ്ഥാന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് പുറത്തിറങ്ങിയ വേളയിലാണ് മജീദിനെ സുരക്ഷാ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. മറ്റുപ്രശ്‌നങ്ങളൊന്നും ഇല്ലാതെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ചോദ്യംചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി യൂറോപ്യന്‍ പോലീസുമായി ബന്ധപ്പെടുമെന്നും കുര്‍ദിസ്ഥാന്‍ അധികൃതര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *