ബ്രിട്ടീഷ് നടിയായ മിന്നി ഡ്രൈവർ ആർ.ആർ.ആറിനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തുന്നു
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് രാം ചരണും ജൂനിയർ എൻടിആറും തകർത്തഭിനയിച്ച ചിത്രമാണ് ആർ.ആർ.ആർ. ഈ ചിത്രത്തിന്റെ ആരാധികിയായി മാറിയിരിക്കുകയാണ് ബ്രിട്ടീഷ് നടിയായ മിന്നി ഡ്രൈവർ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തനിക്ക് ആർ.ആർ.ആറിനോടുള്ള ഇഷ്ടത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു. 2023ൽ ഓസ്കർ അവാർഡും ഈ ചിത്രത്തിനു ലഭിച്ചിരുന്നു.
‘ആർ.ആർ.ആർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ്. എൻറെ മകനുമൊത്ത് ആ ചിത്രം കാണാൻ എനിക്ക് ഇഷ്ടമാണ്. ഞങ്ങളുടെ എക്കാലത്തെയും ഇഷ്ട ചിത്രമാണ് അത്. ഇതൊരു മൂന്ന് മണിക്കൂർ ചിത്രമാണ് എന്നാലും മൂന്ന് മാസം കൂടുമ്പോൾ ഒരു വട്ടമെങ്കിലും ഞങ്ങൾ ആർ.ആർ.ആർ കാണുമെന്ന് എനിക്ക് തോന്നുന്നു. എക്കാലത്തേയും മനോഹരമായ ചിത്രങ്ങളിലൊന്നാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്,’ മിന്നീ പറഞ്ഞു.
‘ഗുഡ് വിൽ ഹണ്ടിങ്’ അടക്കം 50 ഓളം ചിത്രത്തിൽ മിന്നീ അഭിനയിച്ചിട്ടുണ്ട്. ലോകം മുഴുവൻ ചർച്ചയായ ചിത്രമായിരുന്നു രാജമൗലിയുടെ മാഗ്നം ഓപസായ ആർ.ആർ.ആർ. രാം ചരൺ, ജൂനിയർ എൻ.ടി.ആർ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ‘നാട്ടു.. നാട്ടു’ എന്ന ത്രസിപ്പിക്കുന്ന ഗാനത്തിനാണ് ആർ.ആർ.ആർ ഓസ്ക്ർ അവാർഡ് കരസ്ഥമാക്കിയത്.