പൊള്ളലേറ്റാൽ ഉപ്പു തേക്കാമോ?; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

 പൊള്ളലേറ്റാൽ ഉപ്പു തേക്കാമോ?; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

അടുക്കളയിൽ നിന്ന് പൊള്ളലേൽക്കാത്ത ആരും തന്നെ ഉണ്ടാവില്ല. ചില പൊള്ളലുകൾ നിസ്സാരമായിരിക്കും. എന്നാൽ ചിലത് അൽപം ഗുരുതരവും ആയിരിക്കും. അതീവ ശ്രദ്ധയോടെ വേണം അത്തരം പൊള്ളലുകൾ പരിപാലിക്കാൻ. പൊള്ളിയ സ്ഥലത്ത് എന്തെല്ലാം തേക്കാം എന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് പൊള്ളിയ മുറിവില്‍ ഉപ്പ് തേക്കാമോ എന്ന ചോദ്യം. മുറിവുണക്കാന്‍ കഴിവുള്ള ധാരാളം ഘടകങ്ങള്‍ ഉപ്പില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പൊള്ളലേറ്റ മുറിവും അല്ലാതെയുണ്ടാകുന്ന മുറിവും രണ്ട് തരത്തിലുള്ളതായിത്തന്നെ കരുതണം. പൊള്ളലേറ്റ മുറിവ് കുറേക്കൂടെ അണുബാധയുണ്ടാകാനും, വേദന നീണ്ടുനില്‍ക്കാനും സാധ്യതയുള്ളതിനാല്‍ അല്‍പം കൂടി ഗൗരവത്തോടെ ഇതിനെ കാണണം.

മുറിവിനെ ഉണക്കാനുള്ള കഴിവിനൊപ്പം തന്നെ വേദനയെ ശമിപ്പിക്കാനും ഉപ്പിനാകും. അതുകൊണ്ടുതന്നെ പൊള്ളിയ മുറിവില്‍ അതിന്റെ തീവ്രത കൂടി കണക്കിലെടുത്ത ശേഷം ഉപ്പ് പുരട്ടാവുന്നതാണ്. വെറുതെ ഉപ്പ് തേക്കുന്നതിന് പകരം അല്‍പം ഐസ് വെള്ളത്തില്‍ ഉപ്പ് കലര്‍ത്തിയ ശേഷം ചെറിയ കോട്ടണ്‍ തുണിക്കഷ്ണം ഇതില്‍ മുക്കി മുറിവുള്ള സ്ഥലത്ത് പതുക്കെ തേക്കാവുന്നതാണ്. ഉപ്പ് നേരിട്ട് പ്രയോഗിക്കുമ്ബോഴുള്ള നീറ്റലും ഇതുകൊണ്ട് ഒഴിവാക്കാം. ഉപ്പ് കലക്കിയ ഇളം ചൂടുള്ള വെള്ളത്തില്‍ പൊള്ളിയ ഭാഗം പത്തോ പതിനഞ്ചോ മിനുറ്റ് നേരത്തേക്ക് മുക്കിവയ്ക്കുന്നത് തൊലി വീര്‍ത്ത് വരുന്നത് ചെറുക്കും. വേദന ശമിക്കാനും ഇത് സഹായകമാണ്. പൊടിക്കാത്ത ഉപ്പ് പൊള്ളിയ മുറിവില്‍ നേരിട്ട് തേക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. മൂര്‍ച്ചയേറിയ ഉപ്പ് തരികള്‍ മുറിവിലുരഞ്ഞ് അടര്‍ന്ന് നില്‍ക്കുന്ന തൊലിയിളകിപ്പോരാനും നീറ്റലുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാന്‍ പൊടിക്കാത്ത ഉപ്പും ഉപയോഗിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. തീപിടിച്ച വസ്‌ത്രങ്ങളുമായി രോഗി പരിഭ്രമിച്ച്‌ ഓടാന്‍ അനുവദിക്കരുത്‌ (കാറ്റ്‌ തീ ആളിക്കത്തിക്കാന്‍ സഹായിക്കും.)
  2. കമ്പിളികൊണ്ട്‌ മൂടി രോഗിയെ തീപിടുത്തമുള്ള സ്‌ഥലത്തുനിന്നും മാറ്റുക.
  3. തീപിടിച്ച വസ്‌ത്രം വേഗം അഴിച്ചുമാറ്റുക.
  4. പൊള്ളലേറ്റ ഭാഗത്തേക്ക്‌ തണുത്തവെള്ളം ധാരയായി ഒഴിക്കുകയോ തണുത്തവെള്ളത്തില്‍ 5-10 മിനിട്ട്‌ മുക്കിവയ്‌ക്കുകയോ ചെയ്യുക.
  5. മുക്കിവയ്‌ക്കാന്‍ പറ്റാത്തതായ മുഖം, നെഞ്ച്‌, പുറം എന്നീ ഭാഗങ്ങളില്‍ തണുത്ത്‌ വെള്ളത്തില്‍ മുക്കിയ തുണിവച്ച്‌ അല്‌പനേരം തണുപ്പിച്ചശേഷം ഉണക്കി രോഗാണുനാശകമായ ക്രീം പുരട്ടുക.
  6. വിദഗ്‌ദ്ധചികിത്സ ലഭിക്കുന്നതുവരെ പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട്‌ മൂടിവയ്‌ക്കാം. തലയിണയുറയോ, പ്ലാസ്‌റ്റിക്‌ബാഗോ ഇതിനുവേണ്ടി ഉപയോഗിക്കാം.
  7. കൈകളില്‍ പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ ഉടനെ വാച്ച്‌, മോതിരം, വള തുടങ്ങിയവയും കൈമൂടുന്ന വസ്‌ത്രവും അഴിച്ചുമാറ്റണം. അതുപോലെ കാലിലെ സോക്‌സ്, ഷൂ, സ്‌ത്രീകള്‍ ധരിക്കുന്ന പാദസരം, കാല്‍വിരല്‍ മോതിരം തുടങ്ങിയവയും പാന്റ്‌സും മറ്റും ഊരിമാറ്റേണ്ടതാണ്‌. (ക്രമേണ നീരുവച്ച്‌ വീക്കമുണ്ടാവുമ്പോള്‍ അഴിച്ചുമാറ്റാന്‍ വിഷമമായിരിക്കും.)
  8. തീപ്പൊള്ളലേറ്റ വ്യക്‌തിക്ക്‌ മാനസിഘാതമുണ്ടാവാന്‍ വഴിയുണ്ട്‌. അതുകൊണ്ട്‌ സാന്ത്വനവും ആശ്വാസവും നല്‌കുക. രോഗിയുടെ കഴുത്തിനു ചുറ്റുമുള്ള വസ്‌ത്രങ്ങള്‍ അയച്ചുവിടുക. ശുദ്ധവായു ലഭിക്കാനുള്ള സൗകര്യമുണ്ടാക്കുക. ശ്വാസനാളം തുറന്നുകിട്ടാനായി താടി ഉയര്‍ത്തി തല അല്‌പം പുറകോട്ടാക്കുക.
  9. വായിലോ തൊണ്ടയിലോ പൊള്ളലേറ്റാല്‍ രോഗിക്ക്‌ ശ്വാസതടസവും കടുത്ത വേദനയും ഉണ്ടാവും. തീപിടുത്തമുണ്ടാവുമ്പോള്‍ ഉണ്ടാവുന്ന പുക കാരണവും ശ്വാസതടസമുണ്ടാവാം. കുടിക്കാന്‍ തണുത്തവെള്ളം അല്‌പമായി കൊടുക്കാം. ശ്വാസതടസം കൂടുതലാണെങ്കില്‍ അടിയന്തിരചികിത്സ വേണ്ടിവരും. പൊള്ളലിനൊപ്പം മുറിവുകളോ രക്‌തസ്രാവമോ എല്ലുപൊട്ടലോ ഉണ്ടെങ്കില്‍ അതിനുള്ള പ്രഥമ ശ്രുശ്രുഷകള്‍ ചെയ്യുക.
  10. ശ്വാസോച്‌ഛാസവും നാഡിമിടിപ്പും നില്‌ക്കുകയാണെങ്കില്‍ പുനരുജ്‌ജീവനം നല്‌കുക.

ഇത്‌ ചെയ്യരുത്‌

  1. കുമിളകള്‍ക്കു മുകളില്‍ ഉരയ്‌ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്‌. ചര്‍മം ശരീരത്തിന്റെ ആവരണമാണ്‌ കുമിള പൊട്ടിച്ചാല്‍ ചര്‍മം പൊട്ടി രോഗാണുബാധയുണ്ടാവും.
  2. നെയ്യ്‌, വെണ്ണ, പൗഡര്‍, എന്തെങ്കിലും ദ്രാവകം, ഓയിന്റ്‌മെന്റ്‌, ലോഷന്‍ എന്നിവ പൊള്ളലേറ്റഭാഗത്തു പുരട്ടരുത്‌. (ശരീരത്തിന്റെ ചൂട്‌ കൂടുതലായി കോശങ്ങള്‍ നശിച്ചുപോകാനോ അണുബാധയുണ്ടാവാനോ സാധ്യതയുണ്ട്‌.)
  3. പൊള്ളലേറ്റ ഭാഗത്ത്‌ ഐസ്‌വയ്‌ക്കുകയോ ഐസ്‌വെള്ളമൊഴിക്കുകയോ ചെയ്യരുത്‌.
  4. പൊള്ളലേല്‍ക്കുന്നതോടൊപ്പം മുറിവും ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക.
  5. മുറിവിന്‌ മുകളില്‍ അന്യവസ്‌തുക്കള്‍ തറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പിടിച്ചുവലിച്ചെടുക്കാതിരിക്കുക.
  6. പൊള്ളലേറ്റ രോഗിക്ക്‌ വെള്ളം വളരെ കുറച്ചു മാത്രം നല്‍കുക.
  7. യാതൊന്നും കുടിക്കാനോ കഴിക്കാനോ കൊടുക്കാതിരിക്കുക.
    (പിന്നീട്‌ രോഗിയെ ബോധംകെടുത്തേണ്ടി വന്നാല്‍ പ്രശ്‌നമാകും.)
  8. പൊള്ളലേറ്റഭാഗത്ത്‌ ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ചര്‍മത്തില്‍ ഒട്ടുന്നതരം ബാന്‍ഡേജുകളോ ഒട്ടിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *