വീണ്ടും ഭാ​ഗ്യശാലികളായി മലയാളികൾ; ബി​ഗ്ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമായി നേടിയത് 250​ഗ്രാം സ്വർണ്ണ ബാർ

 വീണ്ടും ഭാ​ഗ്യശാലികളായി മലയാളികൾ; ബി​ഗ്ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനമായി നേടിയത് 250​ഗ്രാം സ്വർണ്ണ ബാർ

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാ​ഗ്യ ശാലികളായി 5 മലയാളികൾ. ഈ മാസം വിവിധ ദിവസങ്ങളിലായി നടന്ന നറുക്കെടുപ്പിലാണ് 5 മലയാളികൾക്കും ഒരു യുഎഇ സ്വദേശിനിക്കും 250 ​ഗ്രാം സ്വർണ്ണ ബാർ സമ്മാനമായി ലഭിച്ചത്. 19 ലക്ഷത്തോളം രൂപയാണ്(80,000 ദിർഹം) ഈ 250 ഗ്രാം(24 കാരറ്റ്) സ്വർണബാറി​ന്റെ വില.

കഴിഞ്ഞ 27 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന പണിക്കവീട്ടിൽ ഫൈസല്‍ ഇബ്രാഹിം കുട്ടി (50), ദുബായിൽ ജോലി ചെയ്യുന്ന പ്രസാദ് കൃഷ്ണപിള്ള(53). അബുദാബിയിൽ ജോലി ചെയ്യുന്ന പനച്ചക്കുന്നിൽ ഗോപിനാഥ് അജിത്(46), മസ്കത്തിൽ ജോലി ചെയ്യുന്ന രാജൻ പിള്ള(60), ഖത്തറിൽ ജോലി ചെയ്യുന്ന ഷാബിൻ നമ്പോലന്റവിട(37) എന്നിവർക്കാണ് സമ്മാനം ലഭിച്ചത്.

ഇപ്രാവശ്യമടക്കം എല്ലായ്പ്പോഴും 10 മുതൽ 12 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ഫൈസൽ ഭാഗ്യ പരീക്ഷണം നടത്തിയിരുന്നത്. സമ്മാനം നേടിയതിൽ ഏറെ സന്തോഷമുണ്ടെന്നും സ്വർണം എല്ലാവരുമായി പങ്കിടുമെന്നും ഇദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങിക്കാറുണ്ട്. സമ്മാനം ലഭിച്ച ഫോൺ കോൾ ‌ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ലെന്നും ആരോ പറ്റിക്കുകയാണെന്നണ് കരുതിയതെന്നും ഇദ്ദേഹം പറഞ്ഞു. സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷണുണ്ടെന്നും സ്വർണം എല്ലാവരുമായും പങ്കിടുമെന്നും അറിയിച്ചു.

കഴിഞ്ഞ 3 വർഷമായി അബുദാബിയിൽ വെൽഡിങ് ഫോർമാനായി ജോലി ചെയ്യുന്ന പനച്ചക്കുന്നിൽ ഗോപിനാഥ് അജിത് ആറംഗ സുഹൃത് സംഘത്തോടൊപ്പമാണ് ഭാഗ്യപരീക്ഷണം നടത്താറുള്ളത്.

മുംബൈയിൽ സ്ഥിരതാമസമാക്കിയ രാജൻ പിള്ള മസ്കത്തിലാണ് ജോലി ചെയ്യുന്നത്. രാജൻ പിള്ള കഴിഞ്ഞ 12 വർഷമായി ദുബായ് സന്ദർശകനാണ്. സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഒാണ്‍ലൈനായാണ ് ടിക്കറ്റ് വാങ്ങിക്കാറ്. സ്വർണം വിറ്റ് പണം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി ഷാബിൻ നമ്പോലന്റവിട എല്ലാ മാസവും മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളിൽ ചേര്‍ന്ന് ഭാഗ്യ പരീക്ഷണം നടത്തുകയായിരുന്നു. ഇനി 20 ദശലക്ഷം ദിർഹം സമ്മാനം ലഭിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിക്കുക എന്നതാണ് ത​ന്റെ അടുത്ത ലക്ഷ്യമെന്ന് ഷാബിൻ പറഞ്ഞു. യുഎഇ സ്വദേശിനി സഫയാണ് സ്വർണം സമ്മാനം നേടിയ മറ്റൊരു വ്യക്തി.

Leave a Reply

Your email address will not be published. Required fields are marked *