ആൽബർട്ട് ആന്റണിയെ കാണാതായിട്ട് മൂന്നുദിനം; കാണാതായത് ചൈനയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് പോകുന്ന കപ്പലിൽ നിന്ന്
കാസർകോട്: കപ്പൽ ജീവനക്കാരനായ മാലക്കല്ലിലെ ആൽബർട്ട് ആന്റണിയെ ആഴക്കടലിൽ കാണാതായിട്ട് മൂന്ന് ദിവസം. ചൈനയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന എംവി ട്രൂ കോണ്‍റാഡ് കപ്പലില്‍ നിന്നാണ് ആല്‍ബര്‍ട്ട് ആന്‍റണിയെ കാണാതായത്. കാസർകോട് കള്ളാർ അഞ്ചാല സ്വദേശി ആയിരുന്നു ആൽബർട്ട്.
ശ്രീലങ്കയില്‍ നിന്നും നൂറ് നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കടലിലാണ് സംഭവം. സിനര്‍ജി മാരിടൈം എന്ന കമ്പനിയില്‍ ട്രെയിനി കേഡറ്റ് ആയി ജോലി ചെയ്യുകയായിരുന്നു 22 വയസുകാരനായ ആല്‍ബര്‍ട്ട്. വെള്ളിയാഴ്ചയാണ് ആൽബർട്ടിനെ കാണാതായത് സംബന്ധിച്ച് വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്.
മൂന്നാം തീയതിയാണ് അവസാനം വിളിച്ചത്. നാലാംതീയതി ഞങ്ങൾ കോൾ കാത്തിരുന്നു എന്നിട്ടും വിളി വന്നില്ലെന്ന് ആൽബർട്ടിന്റെ പിതാവ് പറഞ്ഞു. നാലാം തീയതി രാവിലെ 11.45 വരെ ആല്‍ബര്‍ട്ടിനെ കണ്ടവരുണ്ട്. പിന്നീട് വിവരമൊന്നുമില്ല. എന്ത് സംഭവിച്ചുവെന്നുള്ള ആധിയിലാണ് കുടുബം. ആല്‍ബര്‍ട്ടിനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഞായറാഴ്ച ഉച്ചയോടെ കപ്പലുകൾ നടത്തിവന്ന തിരച്ചിൽ നിർത്തിയതായുള്ള വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ കൂടുതൽ ആശങ്കയിലായിരിക്കുകയാണ് കുടുംബം. വിവരമറിഞ്ഞ് എം.എൽ.എ.മാരായ ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാലൻ എന്നിവർ കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു.
മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ ഇടപെടൽ നടത്താമെന്ന് ഇരുവരും കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എം.പി.മാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, ജോസ് കെ.മാണി എന്നിവരുടെ സഹായത്തോടെ കേന്ദ്രസർക്കാർ തലത്തിലും ഇടപെടൽ ശക്തമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
സിനർജി മാരിടൈം കമ്പനിയുടെ എം.വി.ട്രൂ കോൺറാഡ് എന്ന ചരക്കുകപ്പലിലെ ഡെക്ക് ട്രെയ്‌നി കേഡറായിരുന്നു ആൽബർട്ട്. ചൈനയിൽനിന്ന് ബ്രസീലിലേക്ക് പോകുകയായിരുന്നു കപ്പൽ. കഴിഞ്ഞ ഏപ്രിൽ 15-നാണ് ആൽബർട്ട് ആന്റണി കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്.