നിയമസഭയിൽ നാടകീയ രംഗങ്ങൾ; ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ; സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: നിയമസഭയിൽ പോർ വിളിച്ച് ഭരണ പ്രതിപക്ഷ അംഗങ്ങൾ. വൻ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാടകീയ രംഗങ്ങൾ ആണ് സഭയിൽ അരങ്ങേറിയത്. സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷം പ്രതിഷേധിച്ചു. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ കയറി. ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന അടിയന്തര പ്രമേയ ചർച്ച ഇന്നില്ല . പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടി.വി.യില്‍ കാണിച്ചില്ല.
അതിനിടെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്കരിക്കാനും തീരുമാനിച്ചു.
തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളെന്നും അതിനാലാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നാണ് സ്പീക്കര്‍ മറുപടി നല്‍കിയത്. ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ മറുപടി പറയുംവരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്ന നിയമസഭാ ചട്ടവും സ്പീക്കര്‍ സഭയില്‍ ഓര്‍മിപ്പിച്ചു.
സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയുമാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ഇതിനിടെ മുഖ്യമന്ത്രി മറുപടിപ്രസംഗം തുടർന്നു. അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പി.ആർ.വിവാദവും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സഭയില്‍ ബഹളമുണ്ടായി. ഇക്കാര്യത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും സ്പീക്കര്‍ മറുപടി നല്കി. ഇതോടെ സ്പീക്കര്‍ രാജിവയ്ക്കണമെന്നും ആവശ്യമുയർന്നു. എ.ഡി.ജി.പി.-ആര്.എസ്.എസ്. കൂടിക്കാഴ്ച വി.ഡി. സതീശന് സഭയില്‍ ഉന്നയിച്ചു. മലപ്പുറം വിവാദവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി.
ഏഴു ദിവസമാണ് സഭാസമ്മേളനം തുടരുക. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പി. ആർ. വിവാദം, സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ ആരോപിക്കപ്പെടുന്ന ബന്ധം, തൃശ്ശൂര്‍ പൂരം കലക്കല്‍, അജിത്കുമാറും ആര്.എസ്.എസ്. നേതാക്കളും തമ്മിലെ കൂടിക്കാഴ്ച, അജിത്കുമാറിന്റെ സ്ഥാനമാറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ നില്‍ക്കേയാണ് സഭാ സമ്മേളനം.