‘മലബാറിനോട് അവഗണന; മലപ്പുറം വിഭജിച്ച് പുതിയ ജില്ല; ജാതി സെൻസസ് നടത്തണം’; ‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ നയങ്ങൾ ഇങ്ങനെ
മലപ്പുറം: മഞ്ചേരിയില്‍ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് അൻവർ. കടുത്ത കേന്ദ്ര വിമര്‍ശനമാണ് നയപ്രഖ്യാപനത്തിലുള്ളത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫാസിസ്റ്റ് കാഴ്ചപ്പാട് ആയാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള കാണുന്നതെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
‘‘വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യം. ഇന്ത്യൻ ജനാധിപത്യത്തിന് കാവൽ ആവശ്യമാണ്. അതിനുവേണ്ടിയുള്ള ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കുകയാണ് ലക്ഷ്യം. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാടാകും മുന്നോട്ടുവയ്ക്കുക. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയമെന്നും വിശദീകരിക്കുന്നു.
‘‘ജാതി സെൻസസ് നടത്തണം, പ്രവാസികൾക്ക് വോട്ടവകാശം, വിദേശ രാജ്യങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികൾക്ക് അതാത് രാജ്യങ്ങളിൽ വച്ച് വോട്ട് ചെയ്യാൻ ഇ ബാലറ്റ് നടപ്പാക്കണം, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം, മലപ്പുറം ജില്ല വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല പ്രഖ്യാപിക്കണം’’– തുടങ്ങിയവയാണ് ഡിഎംകെയുടെ ലക്ഷ്യങ്ങളെന്നും അൻവർ വിശദീകരിച്ചു.
വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ എ സുകു, മുസ്ലിം ലീഗ് എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ് പറക്കാട്ട് ഹംസ എന്നിവരാണ് പി വി അന്‍വറിനൊപ്പം വേദിയില്‍ ഇരിക്കുന്നത്. അഞ്ച് മണിക്ക് വിശദീകരണ യോഗം ആരംഭിക്കുമെന്നാണ് അറിയിച്ചതെങ്കിലും 6.30 കഴിഞ്ഞാണ് പരിപാടി ആരംഭിച്ചത്. ഡിഎംകെ മുന്നണിയിലെ പ്രധാന കക്ഷിയാണ് സിപിഎമ്മെന്നും അവരെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്നും അൻവറിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീടുകളിൽ പൊലീസെത്തിയെന്നു പൊതുസമ്മേളന വേദിയിലേക്ക് വീട്ടിൽനിന്നും തിരിക്കവേ പി.വി.അൻവർ ആരോപിച്ചു. സ്വർണക്കടത്തിൽ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസെത്തിയത്. ഇങ്ങനെയൊക്കെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ പൊലീസ് വാഹനങ്ങൾ തടയുകയാണെന്നും അൻവർ ആരോപിച്ചു. ഡിഎംകെയുടെ തീരുമാനം കാത്തിരുന്നു കാണാം’’– അൻവർ വിശദീകരിച്ചു.
പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ പതാകയുമായി പ്രവർത്തകർ അൻവറിന്റെ വീടിനു മുന്നിലും എത്തിയിരുന്നു. നീലഗിരിയിലുള്ള ഡിഎംകെ പ്രവർത്തകർ യോഗത്തിനെത്തിയിട്ടുണ്ട്. ഇവർക്ക് വഴിക്കടവിൽ അൻവർ അനുകൂലികൾ സ്വീകരണമൊരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിനു പിന്നാലെ സെപ്റ്റംബര്‍ 29ന് നിലമ്പൂരിലെ സ്വന്തം തട്ടകത്തില്‍നിന്ന് ആരംഭിച്ച പൊതുജന സംഗമങ്ങളുടെ തുടര്‍ച്ചയായി മഞ്ചേരിയില്‍ വന്‍ പൊതുയോഗം പ്രഖ്യാപിച്ചത്.
വിവിധ ജില്ലകളില്‍ നിന്നുള്ള വ്യത്യസ്ഥ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ സമ്മേളന നഗരിയില്‍ എത്തിയിട്ടുണ്ട്. പാതി മലയാളവും പാതി തമിഴും സംസാരിച്ചാണ് അന്‍വര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.