നയം വ്യക്തമാക്കാൻ അൻവർ സമ്മേളന വേദിയിൽ; ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് സ്വീകരിച്ച് പ്രവർത്തകർ

 നയം വ്യക്തമാക്കാൻ അൻവർ സമ്മേളന വേദിയിൽ; ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് സ്വീകരിച്ച് പ്രവർത്തകർ

മലപ്പുറം: സി പി എം ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനു ശ്രമിക്കുന്ന പി വി അന്‍വര്‍ എം എല്‍ എയുടെ നിര്‍ണായക രാഷ്ട്രീയ സമ്മേളനത്തിന് തുടക്കമായി. മുദ്രാവാക്യം വിളികളോടെ ആണ് അൻവറിനെ ആളുകൾ സ്വീകരിച്ചത്. ഒരു ലക്ഷം പേര്‍ സമ്മേളിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായത് സമ്മേളനത്തെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി നൂറു കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ഡിഎംകെയുടെ വിശദീകരണം.

വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ എ സുകു, മുസ്ലിം ലീഗ് എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ് പറക്കാട്ട് ഹംസ എന്നിവരാണ് പി വി അന്‍വറിനൊപ്പം വേദിയില്‍ ഇരിക്കുന്നത്. അഞ്ച് മണിക്ക് വിശദീകരണ യോഗം ആരംഭിക്കുമെന്നാണ് അറിയിച്ചതെങ്കിലും 6.30 കഴിഞ്ഞാണ് പരിപാടി ആരംഭിച്ചത്. ഡിഎംകെ മുന്നണിയിലെ പ്രധാന കക്ഷിയാണ് സിപിഎമ്മെന്നും അവരെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്നും അൻവറിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീടുകളിൽ പൊലീസെത്തിയെന്നു പൊതുസമ്മേളന വേദിയിലേക്ക് വീട്ടിൽനിന്നും തിരിക്കവേ പി.വി.അൻവർ ആരോപിച്ചു. സ്വർണക്കടത്തിൽ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസെത്തിയത്. ഇങ്ങനെയൊക്കെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ പൊലീസ് വാഹനങ്ങൾ തടയുകയാണെന്നും അൻവർ ആരോപിച്ചു. ഡിഎംകെയുടെ തീരുമാനം കാത്തിരുന്നു കാണാം’’– അൻവർ വിശദീകരിച്ചു.

പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ പതാകയുമായി പ്രവർത്തകർ അൻവറിന്റെ വീടിനു മുന്നിലും എത്തിയിരുന്നു. നീലഗിരിയിലുള്ള ഡിഎംകെ പ്രവർത്തകർ‌ യോഗത്തിനെത്തിയിട്ടുണ്ട്. ഇവർക്ക് വഴിക്കടവിൽ അൻവർ അനുകൂലികൾ സ്വീകരണമൊരുക്കിയിരുന്നു.

പുതിയ സംഘടനയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ പ്രഖ്യാപനം സമ്മേളനത്തില്‍ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിനു പിന്നാലെ സെപ്റ്റംബര്‍ 29ന് നിലമ്പൂരിലെ സ്വന്തം തട്ടകത്തില്‍നിന്ന് ആരംഭിച്ച പൊതുജന സംഗമങ്ങളുടെ തുടര്‍ച്ചയായി മഞ്ചേരിയില്‍ വന്‍ പൊതുയോഗം പ്രഖ്യാപിച്ചത്.

വിവിധ ജില്ലകളില്‍ നിന്നുള്ള വ്യത്യസ്ഥ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ സമ്മേളന നഗരിയില്‍ എത്തിയിട്ടുണ്ട്. പാതി മലയാളവും പാതി തമിഴും സംസാരിച്ചാണ് അന്‍വര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *