പതിനാറ് വർഷമായി ഭർത്താവിന്റെ വീട്ടിൽ ബന്ദി; അനുഭവിച്ചത് കൊടിയ പീഡനം; നാട്ടുകാരുടെ സഹായത്തോടെ യുവതിയെ മോചിപ്പിച്ച് പൊലീസ്
ഭോപ്പാൽ: പതിനാറ് വർഷമായി ഭർത്താവിന്റെ വീട്ടുകാർ ബന്ദിയാക്കിയിരുന്ന യുവതിയെ രക്ഷപെടുത്തി. റാണു സഹു എന്ന യുവതിയെയാണ് നാട്ടുകാരും പൊലീസും ചേർന്ന് ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപെടുത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷം യുവതിയെ തന്റെ വീട്ടുകാരെയോ ബന്ധുക്കളെയോ കാണാൻ ഭർത്താവ് അനുവദിച്ചിരുന്നില്ല. പിന്നീട് ക്രൂരമായ പീഡനങ്ങളാണ് യുവതി ഏറ്റുവാങ്ങേണ്ടി വന്നത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇടപെട്ട് യുവതിയെ മോചിപ്പിച്ചത്.
2006 ലായിരുന്നു യുവതിയുടെ വിവാഹം. ജഹാംഗീർബാദ് സ്വദേശിയായ യുവാവായിരുന്നു വരൻ. ആദ്യ രണ്ടു വർഷം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. 2008നു ശേഷം മകൾ തങ്ങളിൽ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധം പുലർത്തിയില്ലെന്നും വീട്ടുകാർ പരാതിയിൽ പറഞ്ഞു. തങ്ങളെ കാണാൻ ഭർത്താവിന്റെ കുടുംബം അനുവദിച്ചില്ലെന്നും റാണുവിന്റെ പിതാവ് കിഷൻ ലാൽ സാഹു നൽകിയ പരാതിയിൽ പറയുന്നു.
ഭർതൃവീടിനോട് ചേർന്നുള്ള അയൽവാസിയെ റാണുവിന്റെ വീട്ടുകാർ ഈയടുത്ത് കാണാനിടയായി. അയാളാണ് മകൾ അവിടെ അനുഭവിക്കുന്ന ക്രൂരപീഡനത്തെക്കുറിച്ച് പറഞ്ഞത്. മകളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുകയാണെന്നും ഇയാൾ പറഞ്ഞതായി പിതാവ് പരാതിയിൽ പറഞ്ഞു.
ജഹാംഗീർബാദ് പൊലീസാണ് പരാതിയിൽ നടപടി സ്വീകരിച്ചത്. ഒരു എൻജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘം റാണുവിനെ രക്ഷപ്പെടുത്തിയത്. ആരോഗ്യം ക്ഷയിച്ച നിലയിലായതിനാൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയെടുത്തതിന് ശേഷം ഭർതൃകുടുംബത്തിനെതിരേ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.