ചെന്നൈയിൽ വിമാനം ലാൻഡു ചെയ്യുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു; 146 യാത്രക്കാരും സുരക്ഷിതർ
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചു. മസ്‌കറ്റിൽ നിന്നെത്തിയ ഒമാൻ എയർവെയ്സിന്റ വിമാനമാണ് ലാൻഡ് ചെയ്യുമ്പോൾ ടയർ പൊട്ടിത്തെറിച്ചത്. 146 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ അറിയിച്ചു.
ഇന്നലെ വൈകിട്ട് 5.30ന് ചെന്നൈയിലെത്തിയ വിമാനത്തിന്‍റെ പിന്നിലെ ടയറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട് ശ്രദ്ധയിൽപ്പെട്ടത്.
പുതിയ ടയർ എത്തിച്ച ശേഷം സുരക്ഷാ പരിശോധനകൾ നടത്തും. ദില്ലിയിൽ നിന്നോ മുംബൈയിൽ നിന്നോ പുതിയ ടയർ ലഭ്യമായില്ലെങ്കിൽ മസ്‌കറ്റിൽ നിന്നും വിമാനത്തിൽ കൊണ്ടുവരും. വിമാനത്തിന്‍റെ മടക്കയാത്ര റദ്ദാക്കിയിരിക്കുകയാണ്. യാത്രക്കാരെ വിവിധ ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ്.