16 തെരുവുനായ്ക്കളെ വിഷം നൽകി കൊലപ്പെടുത്തി; രാഷ്ട്രീയ നേതാവ് അറസ്റ്റിൽ
ചെന്നൈ: തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്ന രാഷ്ട്രീയ നേതാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവള്ളുർ നഗരസഭ പരിധിയിലാണ് സംഭവം. ബി.എസ്.പി തിരുവള്ളൂർ ജില്ല ഭാരവാഹിയായ വെട്രിവേന്ദൻ(43) ആണ് അറസ്റ്റിലായത്. 16 തെരുവുനായ്ക്കളെ വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
താൻ വളർത്തുന്ന കോഴികളെയും പ്രാവുകളെയും തെരുവുനായ്ക്കൾ ആക്രമിക്കുന്നതിൽ പ്രകോപിതനായാണ് വെട്രിവേന്ദൻ തെരുവുനായ്ക്കളെ കൊലപ്പെടുത്തിയത്. സെപ്റ്റംബർ മാസത്തിലെ ആദ്യവാരം മുതലാണ് തിരുവള്ളൂർ നഗരസഭയിലെ എ.എസ്.പി നഗർ, ജെ.ആർ.നഗർ, സെന്തിൽനഗർ തുടങ്ങിയ പ്രദേശങ്ങളിൽ ഭക്ഷണത്തിൽ വിഷം കലർത്തി തെരുവുനായ്ക്കളെ കൊന്നത്. ഓരോ ദിവസവും വിവിധയിടങ്ങളിൽ നായ്ക്കളെ ചത്തനിലയിൽ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം വാർത്തയാകുകയായിരുന്നു.
പിന്നീട് വിഷം നൽകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഭാരതീയ ന്യായ് സൻഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 325, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ (1960) സെക്ഷൻ 11(1)(എൽ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ പേരിൽ നിലവിൽ ഒരു കൊലപാതക കേസുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.