കൈയും കാലും കൂട്ടിക്കെട്ടി തടിക്കഷണവും ഇരുമ്പുവടിയും ഉപയോഗിച്ച് മർദ്ദിച്ചു; നിലത്തുകിടത്തി ചവിട്ടി, നഗ്നചിത്രം പകർത്തി; ബെംഗളുരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥി ഇരയായത് ക്രൂരപീഡനത്തിന്
ആലപ്പുഴ: ബെംഗളുരുവിൽ നഴ്സിങ് അഡ്മിഷൻ നടത്തുന്ന മലയാളി ഏജൻറുമാരുടെ നേതൃത്വത്തിലുള്ള സംഘം നഴ്സിംഗ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെ മകൻ എസ്. ആദിൽ(19) ആണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ബെംഗളുരുവിലെ സുശ്രുതി നഴ്സിങ് കോളജ് ഒന്നാംവർഷ വിദ്യാർത്ഥിയാണ് ആദിൽ.
നാലുമണിക്കൂറോളം ഏജൻറുമാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായി എന്നാണ് പരാതി. ആദിൽ രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവാവ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. കാലിനാണ് ഗുരുതര പരിക്ക്. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഏജൻറുമാരുടെ ഓഫിസിലെത്തിയ ആദിലിനെ കൈയും കാലും കൂട്ടിക്കെട്ടി തടിക്കഷണവും ഇരുമ്പുവടിയും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. പിന്നീട് നിലത്തുകിടത്തി ചവിട്ടി, നഗ്നചിത്രം പകർത്തുകയും ചെയ്തു.
മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും ഇത് വിതരണം ചെയ്യുന്ന ഏജൻറാണെന്നും മുദ്രപ്പത്രത്തിൽ എഴുതിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തി ജയിലിലാക്കി കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. അവശനായ ആദിലിനെ മർദിച്ചവർതന്നെ ഹോസ്റ്റലിൽ എത്തിക്കുകയായിരുന്നു.