‘വയ്യാത്ത കാലും കൊണ്ട് ബുദ്ധിമുട്ടിയാണ് മൂന്നാംനില എത്തിയത്; സ്റ്റേജിൽ നിന്നിറങ്ങിപ്പോന്നത് വിഷമിച്ചുകൊണ്ട്’; വേദിയിൽ നിന്ന് പ്രിൻസിപ്പാൾ ഇറക്കി വിട്ട സംഭവത്തിൽ ബിബിൻ ജോർജ്
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ബിബിന്‍ ജോര്‍ജ് അടക്കമുള്ള താരങ്ങളെ വേദിയില്‍ നിന്നും ഇറക്കി വിട്ടൊരു വീഡിയോ പുറത്തുവന്നത്. ഗുമസ്തന്‍ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു കോളേജില്‍ എത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. പരിപാടിയ്ക്കിടെ കോളേജ് പ്രിന്‍സിപ്പാള്‍ നടന്‍ അടക്കമുള്ളവരോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വളരെ വിഷമത്തോടെ ആണ് സംഘം വേദിയിൽ നിന്നും ഇറങ്ങിയത്. സംഭവം നടന്ന ഒരാഴ്ചയ്ക്ക് ശേഷം ആയിരുന്നു വീഡിയോ വൈറലായത്. സംഭവത്തിൽ ബിബിന്‍ ജോര്‍ജിന്റെ പ്രതികരണവും വന്നു.
‘സത്യം പറഞ്ഞാല്‍ അത് വിശദീകരിക്കാത്തത് തന്നെയാണ്. കാരണം ഇവിടെ ഇതിനു മുന്‍പ് സംഭവിച്ചിട്ടുള്ളത് എന്താണ്… ഒരു വിവാദം വരും നമ്മള്‍ അതിനെപ്പറ്റി പറയും. കുറേ ആളുകള്‍ ആ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും. പിന്നെ അതിന്റെ പുറകില്‍ വേറെ രണ്ട് അഭിപ്രായങ്ങള്‍ വരും. സത്യം പറഞ്ഞാല്‍ നമ്മള്‍ ഒരു മാര്‍ക്കറ്റിംഗ് രീതിയില്‍ എടുക്കാന്‍ ആയിരുന്നെങ്കില്‍ ഗുമസ്തന് ഇത് വലിയ പ്രമോഷന്‍ ആയേനെ.
സത്യസന്ധമായി പറഞ്ഞാല്‍ ഇത് വിഷമം ഉണ്ടായ സംഭവം തന്നെയാണ്. പക്ഷേ അത് തുറന്നു പറയാനും അദ്ദേഹത്തിന് ഒരു വിഷമം ഉണ്ടാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇവിടെയും അതൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ചെറിയൊരു സംഭവം എന്ന നിലയില്‍ വിട്ടുകളയുകയാണ്. ചിലതൊന്നും തിരുത്താന്‍ പറ്റില്ല. പക്ഷേ അദ്ദേഹം അത് തിരുത്തിയിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്.
നമ്മള്‍ ഇനി അത് വലിയ ഇഷ്യു ആക്കേണ്ടതില്ല. വേദനിച്ചു എന്നത് സത്യമാണ്. ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു അവിടെ. സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയതും വിഷമിച്ചിട്ടാണ്. പക്ഷേ ഇതെല്ലാം ഒരാളിലേക്ക് വരുമ്പോള്‍ അയാളുടെ കുടുംബവും മക്കളുമൊക്കെ ഉള്‍പെടും. ഒരാളെ മാത്രം ഫോക്കസ് ചെയ്ത് ചീത്ത കേള്‍പ്പിച്ചിട്ട് കാര്യമില്ല. അദ്ദേഹം തിരുത്തിയിട്ടുണ്ടാവും എന്നാണ് വിശ്വാസം.
ഒരുപാട് ചാനലുകളില്‍ നിന്ന് വിളിച്ച് എന്നോട് പ്രതികരണം ചോദിച്ചിരുന്നു. പക്ഷേ ഇതിനെ കത്തിക്കാന്‍ മന:പൂര്‍വ്വം ഞങ്ങള്‍ ഉദ്ദേശിച്ചില്ല. അത് ഞങ്ങള്‍ക്ക് നല്ലതായിട്ട് വരികയുള്ളൂ. കുട്ടികള്‍ തന്നെ പ്രിന്‍സിപ്പലിനെ തിരുത്തിച്ചു എന്നാണ് തോന്നുന്നത്. ഞാന്‍ ഒരുപാട് കോളേജുകളില്‍ പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്.
കോളേജിലേക്ക് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ അടക്കമുള്ളവര്‍ അവിടെയെത്തിയത്. എന്നാല്‍ എത്രയും പെട്ടെന്ന് വേദി വിടണം എന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ആവശ്യം. സിനിമയുടെ പേര് കുട്ടികള്‍ ആര്‍ത്തു വിളിച്ചത് പ്രിന്‍സിപ്പാളിന് ചൊടിപ്പിച്ചെന്നാണ് കരുതുന്നത്. സാരമില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ വേദി വിട്ടെങ്കിലും കുറച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.
പരിപാടി പൂര്‍ത്തിയാക്കിയതിനു ശേഷം പോകണമെന്നും വേദിയില്‍ നിന്ന് ഇറങ്ങിപ്പോകരുത് എന്നൊക്കെ അവര്‍ ആവശ്യപ്പെട്ടു. പക്ഷേ പ്രിന്‍സിപ്പാള്‍ കടുംപിടുത്തം പിടിച്ചതോടെ താന്‍ അടക്കമുള്ളവര്‍ക്ക് വേദിയില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. തിരികെ വന്ന് കാറില്‍ കയറിയപ്പോഴും വിദ്യാര്‍ഥികള്‍ പോകരുതെന്ന് അഭ്യര്‍ത്ഥനവുമായി വന്നിരുന്നു. എന്നാല്‍ സുഖമില്ലാത്ത കാലും വെച്ച് മൂന്നാം നിലയിലേക്ക് വീണ്ടും കയറാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് അവിടുന്ന് പോരുന്നതെന്നും’ ബിബിന്‍ പറയുന്നു.