കാല്‍പ്പാട് തേടിയുള്ള തിരച്ചില്‍ വഴികാട്ടി; പുതുപ്പള്ളി സാധുവിനെ കണ്ടെത്തി
എറണാകുളം: വിജയ് ദേവരക്കൊണ്ട നായകനായ സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ കണ്ടെത്തി. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. ഭൂതത്താന്കെട്ടിന് സമീപം വനംമേഖലയില്‍ കൊമ്പന്മാര് തമ്മില്‍ കൂത്ത്കൂടിയതിനെ തുടര്‍ന്ന് പരിക്കേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് വിരണ്ടോടുകയായിരുന്നു.
തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് നാട്ടാനയെ തിരഞ്ഞ് കാട് കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആര്‍ആര്‍ടി സംഘവും പാപ്പാന്മാരും നാട്ടുകാരും സംഘത്തില്‍ ഉണ്ടായിരുന്നു. ആനയുടെ കാല്‍പ്പാട് തേടിയുള്ള തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. മൂന്ന് പാപ്പാന്‍മാരടങ്ങുന്ന സംഘം ഭക്ഷണം നല്കി ആനയെ അനുനയിപ്പിച്ച ശേഷം ചങ്ങലയിട്ട് വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ആനയെ ലോറിയിലേക്ക് കയറ്റി.