വീട്ടിൽ അതിക്രമിച്ച് കയറാനെത്തിയ മൂന്നംഗ സംഘത്തെ പരാജയപ്പെടുത്തി യുവതി
പട്ടാപകൽ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ തടഞ്ഞ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്. പഞ്ചാബിലെ അമൃത്സറിലെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമൃത്സറിലെ മൊഹാലിയിലെ ഒരു വീട്ടിൽ മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. എന്നാൽ, മൂന്നുപേരും വാതിൽ തകർക്കാൻ ശ്രമിക്കുന്നതിനെ യുവതി ചെറുത്ത് പരാജയപ്പെടുത്തി. വീടുനുള്ളിലെയും പുറത്തെയും സിസിടിവി ക്യാമറകളിൽ ഈ ദൃശ്യം പതിയുകയും ചെയ്തു.
“മൊഹാലിയിലെ ഒരു വീട്ടിൽ മൂന്ന് പുരുഷന്മാർ അതിക്രമിച്ച് കയറി, പക്ഷേ, യുവതി ധൈര്യം കാണിച്ചു. എല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബുദ്ധി ഉപയോഗിച്ച് വലിയൊരു അപകടം അവൾ എങ്ങനെ തടഞ്ഞൂവെന്ന് കാണുക!” എന്ന തലക്കെട്ടോടെയാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മുഖം മറച്ച മൂന്ന് യുവാക്കാൾ വീടിൻറെ ഉയരമുള്ള മതിൽ ചാടിക്കടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മതിൽ ചാടിക്കടന്ന മൂവരും മുൻവശത്തേക്ക് നീങ്ങുകയും അവിടെ തുറന്ന് കിടന്ന ഇരുമ്പ് വാതിലിന് പിന്നലെ വാതിൽ തുറക്കാനായി ശക്തമായി തള്ളുന്നതും കാണാം. ഇതേ സമയം വീഡിയോയുടെ താഴത്തെ വീട്ടിന് ഉള്ളിൽ നിന്നുള്ള സിസിടിവിയിൽ ഒരു യുവതി പ്രധാനവാതിലിൽ ഉള്ളിൽ നിന്നും തള്ളിപ്പിടിച്ച് കൊണ്ട് അടയ്ക്കാൻ ശ്രമിക്കുന്നു. ഈ സമയം രണ്ട് ചെറിയ കുട്ടികൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ മുറിയിൽ നിൽക്കുന്നതും കാണാം. ഒടുവിൽ അടുത്ത് കിടന്ന സോഫാ സെറ്റി വാതിലിന് പിന്നിലേക്ക് യുവതി വലിച്ചിടുന്നു. വാതിൽ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ട മോഷ്ടാക്കൾ ഒടുവിൽ ഗേറ്റ് തുറന്ന് പുറത്തേക്ക് ഓടുന്നതും യുവതി മൊബൈലിൽ ആരെയോ വിളിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വളരെ വേഗം വിവിധ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. നിരവധി പേരാണ് ആശങ്ക രേഖപ്പെടുത്തിയത്. ചിലർ പഞ്ചാബിൽ ഇതൊരു പതിവായിരിക്കുന്നുവെന്ന് എഴുതി. മറ്റ് ചിലർ സംസ്ഥാന സർക്കാറിനെ പ്രതിസ്ഥാനത്ത് നിർത്തി. ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് എഴുതി. യുവതിയുടെ ധൈര്യത്തെ നിരവധി പേരാണ് പ്രശംസിച്ചത്. ‘യുവതി നന്നായി പോരാടി. പക്ഷേ, പഞ്ചാബ് പോലീസിനെ എവിടെയും കണ്ടില്ല.’ ഒരു കാഴ്ചക്കാരൻ എഴുതി.’ ലോക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും അവർക്ക് കഴിഞ്ഞു. ‘ മറ്റൊരു കാഴ്ചക്കാരൻ എഴുതി.