രണ്ടു വർഷം മുൻപ് രണ്ടായിരം പേരെ റിക്രൂട്ട് ചെയ്തു പക്ഷെ ഇതുവരെ ജോലി നൽകിയില്ല; ഇൻഫോസിസിനെതിരെ രണ്ടാം തവണയും പരാതിയുമായി നൈറ്റ്സ്
ബെംഗളൂരു: ക്യാംപസ് ഇന്റർവ്യൂയിലൂടെ വിവിധ ക്യാംപസുകളിൽ നിന്നായി രണ്ടായിരത്തിലധികം പേരെ റിക്രൂട്ട് ചെയ്തിട്ട് രണ്ടു വർഷമായിട്ടും ഇൻഫോസിസ് ജോലി നൽകുന്നില്ലെന്ന് പരാതി. ഐടി ജീവനക്കാരുടെ സംഘടനയാണ് പരാതിയുമായി വീണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) ആണ് ഐടി ജീവനക്കാരുടെ സംഘടന. ഇവരുടെ ആദ്യ പരാതിയിൽ ഈ വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ മാസമാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം കർണാടക സർക്കാരിന് നിർദേശം നൽകിയത്.
ഈ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഇന്നലെയാണ് നൈറ്റ്സ് വീണ്ടും കേന്ദ്രത്തെ സമീപിച്ചത്. കർണാടക തൊഴിൽ വകുപ്പ് വളരെ നിരുത്തരവാദപരമായാണു വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നൈറ്റ്സ് വീണ്ടും പരാതി നൽകിയത്. 2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ജോലി നൽകിയിട്ടില്ലെന്ന് കാണിച്ച് ഓഗസ്റ്റ് 20നാണ് ഇവർ ആദ്യം പരാതി നൽകിയത്. സിസ്റ്റം എൻജിനീയർ, ഡിജിറ്റൽ സ്പെഷൽ എൻജിനീയർ എന്നീ തസ്തികകളിലേക്കാണ് ഇൻഫോസിസ് 2022–23ൽ ക്യാംപസ് റിക്രൂട്മെന്റ് നടത്തിയത്. 2022 ഏപ്രിലിൽ തന്നെ ഓഫർ ലെറ്റർ ലഭിച്ചവർക്കാണ് ഇനിയും ജോലിയിൽ പ്രവേശിക്കാൻ അവസരം നൽകിയിട്ടില്ലെന്നാണ് പരാതി.