ചൈനയ്‌ക്കും ജർമ്മനിക്കും പിന്നാലെ ഹൈഡ്രജൻ ട്രെയിൻ ഇനി ഇന്ത്യയിലും
ന്യൂഡൽഹി: ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകൾ ഇന്ത്യയിലും ഉടൻ ഓടി തുടങ്ങും. നിലവിൽ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നീ നാല് രാജ്യങ്ങൾക്ക് മാത്രമാണ് സാങ്കേതിക വിദ്യാ സ്വന്തമായുള്ളത്. കഴിഞ്ഞ ദിവസം ഹൈഡ്രജൻ ഇന്ധമായി ഉപയോഗിക്കുന്ന പൈലറ്റ് പ്രോജക്റ്റിന് ഇന്ത്യൻ റെയിൽവേ അനുമതി നൽകി. പൈതൃക റെയിൽവേ പാതകളിലാണ് ആദ്യഘട്ടത്തിൽ ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിക്കുക.
നിലവിലെ ഡെമു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുക. ഡിസംബറോടെ നോർത്തേൺ റെയിൽവേ സോണിന് കീഴിൽ ഹരിയാനയിലെ ജിന്ദ്-സോനിപത് സെക്ഷനിൽ ഹൈഡ്രജൻ ട്രെയിൻ ഓടിത്തുടങ്ങും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ മേൽനോട്ടത്തിൽ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ ട്രെയിന്റെ നിർമാണം നടക്കുകയാണെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.