മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം; ഒപ്പം ഉണ്ടായിരുന്നത് മുൻ സിപിഐഎം എംഎൽഎയുടെ മകനും കെയ്‌സന്‍ സിഇഒയും

 മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം; ഒപ്പം ഉണ്ടായിരുന്നത് മുൻ സിപിഐഎം എംഎൽഎയുടെ മകനും കെയ്‌സന്‍ സിഇഒയും

ന്യൂഡല്‍ഹി: ‘ദ ഹിന്ദു’വിന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖം നൽകിയപ്പോൾ ഒപ്പം ഉണ്ടായിരുന്നത് കെയ്‌സന്‍ സിഇഓ വിനീത് ഹാണ്ഡയും മുൻ സിപിഐഎം എംഎൽഎ ടികെ ദേവകുമാറിന്റെ മകൻ ടിഡി സുബ്രഹ്‌മണ്യവും. ഡല്‍ഹിയില്‍ നിന്ന് ഇടതുപക്ഷ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ശോഭന കെ നായര്‍ക്കാണ് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. കെയ്സൻ പി.ആർ ഏജൻസിയാണ് അഭിമുഖം ഒരുക്കിയതെന്നായിരുന്നു ഹിന്ദുവിന്റെ വിശദീകരണം. ഏജൻസിയുമായി ബന്ധപ്പെട്ട രണ്ടു പേർ ഒപ്പമുണ്ടായിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം കൈകാര്യം ചെയ്തത് സുബു എന്ന സുബ്രഹ്മണ്യം എന്ന് സ്ഥാപനത്തിന്റെ ജീവനക്കാരി പറഞ്ഞു.

എന്നാൽ തനിക്ക് ഇതിനെപ്പറ്റി ഒന്നുമറിയില്ലെന്നാണ് സുബ്രഹ്മണ്യം പറയുന്നത്. കെയ്സണുമായി തനിക്ക് ബന്ധമില്ലെന്ന് സുബ്രഹ്മണ്യം വ്യക്തമാക്കി. മലയാളിയായ നിഖിൽ പവിത്രനാണ് കെയ്‌സന്റെ പ്രസിഡൻറ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജൻസിയുടെ പൊളിറ്റിക്കൽ വിങ്ങാണെന്നും ഒപ്പം ഉണ്ടായിട്ടില്ലെന്നുമാണ് നിഖിലിന്റെ വാദം. ദുബൈയിലെ ഖലീജ് ടൈംസിനും ഇതേ ഏജൻസി മൂന്നാഴ്ച മുൻപും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നൽകിയിരുന്നു.

മാര്‍ക്കറ്റിങ്, പിആര്‍ രംഗങ്ങളില്‍ അനുഭവ പരിചയമുള്ള വിനീത് ഹാണ്ഡയുടെ നേതൃത്വത്തില്‍ 2008ലാണ് കൈസണ്‍ പിആര്‍ ഏജന്‍സി ആരംഭിച്ചത്. 170 ജീവനക്കാരാണ് ഈ കമ്പനിയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഡല്‍ഹിയിലെ ഗിതോര്‍ണിയിലുള്ള കമ്പനിയില്‍ 50ഓളം ജീവനക്കാരുണ്ട്.

കമ്പനി പ്രസിഡന്റ് മലയാളിയായ നിഖില്‍ പവിത്രനാണ്. മുംബൈ കേന്ദ്രീകരിച്ചാണ് നിഖില്‍ പവിത്രന്‍ പ്രവര്‍ത്തിക്കുന്നത്. 2018ല്‍ വൈസ് പ്രസിഡന്റ് പദവിയില്‍ കെയ്‌സനിലെത്തിയ നിഖില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രസിഡന്റായത്. വേദാന്ത, നാസ്‌കോം ഫൗണ്ടേഷന്‍ പോലുള്ള വലിയ സ്ഥാപനങ്ങള്‍ കെയ്‌സന്റെ ഇടപാടുകാരാണ്.

നേരത്തെ ദുബൈയിലെ ഖലീജ് ടൈംസില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം വന്നതിന് പിന്നിലും കെയ്‌സന്‍ മുഖേനയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍ അഭിമുഖമായി പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഖലീജ് ടൈംസിനെ ഇമെയില്‍ വഴി ബന്ധപ്പെടുകയായിരുന്നു. പ്രളയം, പുനരധിവാസം എന്നിവ സംബന്ധിച്ചു മാത്രമായിരിക്കണം ചോദ്യങ്ങളെന്നും ഖലീജ് ടൈംസിനോട് നിര്‍ദേശിച്ചിരുന്നു.

ഇത് പ്രകാരം ഖലീജ് ടൈംസ് അയച്ചു കൊടുത്ത ചോദ്യങ്ങള്‍ക്ക് കെയ്‌സനാണ് മറുപടി നല്‍കിയത്. സെപ്റ്റംബര്‍ അഞ്ചിന് ഓണ്‍ലൈനിലും ആറിന് പത്രത്തിലും മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചു. ഈ അഭിമുഖത്തിനായി പത്രത്തിന്റെ പ്രതിനിധികളാരും മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *