‘എന്നെ സ്വാധീനിച്ചത് ആ 4 നടന്മാര്‍’; മനസ് തുറന്ന് വിനായകൻ

 ‘എന്നെ സ്വാധീനിച്ചത് ആ 4 നടന്മാര്‍’; മനസ് തുറന്ന് വിനായകൻ

കഴിവ് കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച നടനാണ് വിനായകന്‍. ജയിലറിലൂടെ തമിഴകത്തും താരമായി മാറി. കൊച്ചിയിൽ ഫയർ ഡാൻസും മറ്റുമായി നടന്ന സാധാരണക്കാരനായ യുവാവിന്റെ തലവര മാറിമറിയുകയായിരുന്നു. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും തന്റെ കൈയ്ക്കുള്ളിൽ ഭദ്രമാണ് എന്ന് തെളിയിച്ചുകൊണ്ടായിരുന്നു വിനായകന്റെ വളർച്ച. 1995ൽ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മന്ത്രികത്തിൽ ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു വിനായകന്റെ സിനിമാപ്രവേശം.

വീണ്ടും അന്നത്തിനായി ഡാൻസിന്റെ വഴിയേ പോയ വിനായകന് കുറച്ചു വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ ഒന്നാമനിലേക്കും വിളിയെത്തി. അവിടെ നിന്നാണ് നടന്റെ യഥാർത്ഥ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒരുപിടി സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്ത് വിനായകൻ മലയാളികൾക്ക് സുപരിചിതനായി.

മലയാളത്തിൽ ചിരിപ്പിക്കുന്ന അഭിനയം കാഴ്ച വെച്ചവരിൽ ഏറ്റവും ഇഷ്ടം ആരെയെല്ലാമാണെന്ന് തുറന്നുപറയുകയാണ് വിനായകൻ ഇപ്പോൾ. ഒക്ടോബർ നാല് വെള്ളിയാഴ്ച ലോകമാകെ തിയറ്ററുകളില്‍ എത്തുന്ന തെക്ക് വടക്ക് സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യം പറയുന്നത്.

“ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകൾ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അൾട്ടിമേറ്റായി എല്ലാവരും ആക്ടേഴ്സാണ്. കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ എന്ന ഒരു ലൈൻ, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകൾ- അങ്ങനെയൊന്നും ഇല്ല. തിലകൻ സാറും ഒടുവിൽ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കിൽ ഈ സ്റ്റാർസ് എന്നു പറയുന്നവരാരും ഇല്ല. സത്യം അതാണ്”- വിനായകൻ പറയുന്നു.

“മാമുക്കോയ സാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, തിലകൻ സാർ, നെടുമുടി വേണു ചേട്ടൻ”- തന്നെ സ്വാധീനിച്ച അഭിനേതാക്കളുടെ പേര് വിനായകൻ എടുത്തു പറയുന്നു.

ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. അൻജന വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പാണ് സിനിമ നിർമ്മിക്കുന്നത്.

“എനിക്ക് അഭിനയത്തിന്റെ ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞു തന്നത് തിലകൻ സാറും നെടുമുടി വേണു ചേട്ടനുമാണ്. ഞാനൊരു സിനിമ ചെയ്യുമ്പോൾ തിലകൻ ചേട്ടൻ ഇത്തിരി പ്രായമായിട്ടുണ്ടായിരുന്നു. പൊസിഷനിൽ വന്നിരുന്നാൽ തിലകൻ ചേട്ടനെ അവിടെ നിന്ന് മാറ്റില്ല. അപ്പോൾ ഞാനും കൂടെ ഇരുന്നു. തമിഴ് പടം ക്ഷത്രിയനിൽ അഭിനയിച്ച കാര്യമൊക്കെ പറഞ്ഞു. ഞാനപ്പോൾ ചോദിച്ചു. കുറച്ചു ടെക്നിക് എനിക്ക് തിലകൻ ചേട്ടൻ പറഞ്ഞു തന്നു”- വിനായകൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *