നാല് വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയത് ബന്ധുക്കളോടുള്ള വൈരാഗ്യം തീർക്കാൻ
മലപ്പുറം: ബന്ധുക്കളോടുള്ള വൈരാഗ്യം തീർക്കാൻ മകളെ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ പിതാവിന് ഒരു വർഷം തടവും 5000 രൂപ പിഴയും കോടതി വിധിച്ചു. തന്റെ നാല് വയസുകാരിയായ മകളെയാണ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയത്. ചാലിയാർ എരഞ്ഞിമങ്ങാട് മൈലാടി സ്വദേശി മണ്ണുപ്പാടം പാറയിൽ 41കാരനായ അബ്ദുൽ കലാമിനെയാണ് കോടതി ശിക്ഷിച്ചത്.
നിലമ്പൂർ അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജ് കെ. പി ജോയ് വിചാരണ നടത്തി. പരാതിയിൽ വഴിക്കടവ് പൊലിസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിച്ചതിലാണ് വ്യാജ പരാതിയാണെന്ന് തെളിഞ്ഞത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസവും ഒരാഴ്ചയും അധിക സാധാരണ തടവ് അനുഭവിക്കണം. വഴിക്കടവ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ ആണ് കേസ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടർ അജയകുമാർ ആണ് പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻ സിസ് ഹാജരായി.
11 സാക്ഷികളും 13 രേഖകൾകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ പി.സി ഷീബയുടെ സഹായം പ്രോസിക്യൂഷന് ലഭിച്ചു. പ്രതിക്ക് മതിയായ ജാമ്യക്കാർ ഹാജരായതിനാൽ അപ്പീലിന് പോകാൻ ഒരു മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചു.