ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു; നില തൃപ്തികരമെന്ന് മാനേജർ
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് അബദ്ധത്തിൽ കാലിൽ വെടിയേറ്റു. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയ്ക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ സ്വന്തം റിവോള്‍വറില്‍ നിന്നാണ് ഗോവിന്ദയ്ക്ക് വെടിയേറ്റത്. കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തു. പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും മാനേജര്‍ അറിയിച്ചു.
പുലര്‍ച്ചെ 6 മണിക്ക് കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ഗോവിന്ദയും മാനേജരും പോകേണ്ടതായിരുന്നു. താന്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തിയിരുന്നെന്നും അവിടേക്ക് എത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റതെന്നും മാനേജര്‍ പറയുന്നു. ലൈസന്‍സ് ഉള്ള റിവോള്‍വര്‍ അദ്ദേഹം ഒരു കേസിലാണ് സൂക്ഷിച്ചിരുന്നത്. അത് കൈയില്‍ നിന്നും താഴെ വീണപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. ഡോക്ടര്‍ വെടിയുണ്ട നീക്കം ചെയ്തു, മാനേജര്‍ പറയുന്നു.
വെടിയുണ്ടയേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മുംബൈ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു കാലത്ത് ബോളിവുഡിലെ തിരക്കേറിയ നടനായിരുന്ന ഗോവിന്ദ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. 2019 ലാണ് അവസാനമായി സിനിമയിൽ അഭിനയിച്ചത്. രംഗീല രാജയാണ് അവസാന ചിത്രം. ഗോവിന്ദ ഇപ്പോൾ ടെലിവിഷന്‍ റിയാലിറ്റി ഷോകളിൽ അവതാരകനായും വിധികര്‍ത്താവായും പ്രേക്ഷകര്‍ക്ക് മുന്നിൽ എത്താറുണ്ട്.