കുടുംബ വഴക്ക്; വയോധികയെ മരത്തിൽ കെട്ടിയിട്ട് ആൺമക്കൾ ജീവനോടെ കത്തിച്ചു

 കുടുംബ വഴക്ക്; വയോധികയെ മരത്തിൽ കെട്ടിയിട്ട് ആൺമക്കൾ ജീവനോടെ കത്തിച്ചു

അഗര്‍ത്തല: വയോധികയെ മരത്തിൽ കെട്ടിയിട്ട് മക്കൾ ജീവനോടെ കത്തിച്ചു. പടിഞ്ഞാറൻ ത്രിപുരയിൽ ആണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. സംഭവത്തിൽ മക്കളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.

ചമ്പക്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്. ഒരു സ്ത്രീയെ തീ കൊളുത്തി കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മരത്തില്‍ കെട്ടിയ നിലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ജിറാനിയയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ കമാൽ കൃഷ്ണ കൊളോയ് പിടിഐയോട് പറഞ്ഞു. അറസ്റ്റ് ചെയ്ത ആണ്‍മക്കളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ഏപ്രിലിലും സമാനസംഭവം നടന്നിരുന്നു. ചണ്ഡീഗഡിലെ സെക്ടർ 35 ലെ ഒരു പൊതു പാർക്കിനുള്ളിൽ ഇരുപത്തിയാറുകാരിയെ കാമുകന്‍ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രണയബന്ധത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *