വന്ദേഭാരത് ഉടൻ വിദേശ ട്രാക്കിലും ചീറിപ്പായും; ഇറക്കുമതി ചെയ്യാൻ താൽപര്യവുമായി മൂന്നുരാജ്യങ്ങൾ
ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. ചിലി, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ആണ് താല്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിലെ ട്രാക്കിലും ഇന്ത്യൻ നിർമ്മിത വന്ദേഭാരത് എക്സ്പ്രസുകൾ ചീറിപ്പായാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല.
ഈ രാജ്യങ്ങളെ വന്ദേഭാരത് ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഒന്ന് നോക്കാം.
കുറഞ്ഞ ചെലവാണ് വന്ദേഭാരതിലേക്ക് വിദേശ രാജ്യങ്ങളെ ആകർഷിക്കാനുള്ള പ്രധാന കാരണം. മറ്റ് രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന സമാന ഫീച്ചറുകളുള്ള ട്രെയിനുകൾക്ക് സാധാരണയായി 160 മുതൽ 180 കോടി രൂപ വരെ വില വരുമ്പോൾ, ഇന്ത്യ വന്ദേ ഭാരത് നിർമ്മിക്കുന്നത് വളരെ കുറഞ്ഞ ചെലവിലാണ്, 120 മുതൽ 130 കോടി രൂപ വരെ മാത്രമാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന വന്ദേഭാരതിന് ചെലവ്.
നൂറ് കിലോ മീറ്റർ വേഗത കൈവരിക്കാൻ വെറും 52 സെക്കൻഡ് മതിയെന്നത് മറ്റൊരു ആകർഷക ഘടകമാണ്. ജപ്പാനിൽ നിർമ്മിക്കുന്ന ബുള്ളറ്റ് ട്രെയിനിന് ഈ വേഗത കൈവരിക്കാൻ 54 സെക്കന്റോളം എടുക്കുന്നുണ്ട്. മറ്റ് വിദേശ രാജ്യങ്ങളിൽ നിർമ്മിക്കുന്ന ട്രെയിനുകളുടെ രൂപകൽപ്പനയെക്കാൾ മികച്ചതാണ് വന്ദേഭാരത് ട്രെയിനുകളുടേത്.
കൂടാതെ, വിമാനത്തേക്കാൾ നൂറിരട്ടി താഴ്ന്ന ശബ്ദ നിലവാരം ഉൽപ്പാദിപ്പിക്കുകയും കുറഞ്ഞ ഊർജ്ജ ഉപഭോഗവും വന്ദേഭാരതിന്റെ മറ്റൊരു പ്രത്യേകതയാണ്.