ആകാശത്തെ അമ്പിളിയമ്മാവന് കൂട്ടായി ഇനി ‘മിനി-മൂൺ’; ഇന്ന് മുതൽ കുഞ്ഞൻ ചന്ദ്രനും ഭൂമിയെ ചുറ്റും
അമ്പിളിയമ്മാവന് കൂട്ടായി ‘മിനി-മൂൺ’ ഇന്ന് മുതല്‍ ഭൂമിയെ ഭ്രമണം ചെയ്യും. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയാകും ഭൂമിയുടെ ഭ്രമണപഥത്തിലൂടെ 2024 പിടി5 എന്ന ഈ കുഞ്ഞൻ ചന്ദ്രനും ചുറ്റിത്തിരിയുന്നത്. ഏകദേശം 10 മീറ്റർ മാത്രം നീളമുള്ള ഛിന്നഗ്രഹം (2024 PT5) ആയിരിക്കുമിത്. ചന്ദ്രനെ പോലെ ഭൂമിയെ വലംവയ്ക്കുന്ന പ്രകൃതിദത്ത ഉപഗ്രഹമാണിതെന്ന് ശാസ്ത്ര ലോകം പറയുന്നു. ഭൂമിക്ക് യാതൊരു അപകടവും സൃഷ്ടിക്കാതെയായിരിക്കും ഇതിന്റെ യാത്ര. എന്നാലിത് ഭൂമിയെ പൂര്‍ണമായും വലംവെക്കുകയല്ല ചെയ്യുക.
ഏകദേശം ഒരു സിറ്റി ബസിന്റെ നീളമുള്ള ഛിന്നഗ്രഹം ‘അർജുന’ എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ്. ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാൻ കുഞ്ഞൻ ഛിന്നഗ്രഹം സജ്ജമാകുന്നത്. 37 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം അതിന്റെ യഥാര്‍ഥ ഭ്രമണപഥമായ അര്‍ജുന ഛിന്നഗ്രഹ ബെല്‍റ്റിലേക്ക് നവംബര്‍ 25ഓടെ മടങ്ങിപ്പോകും. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള ബഹിരാകാശ പാറകൾ കൊണ്ട് നിർമിതമായ ദ്വിതീയ ഛിന്നഗ്രഹ വലയത്തെയാണ് അർജുന എന്ന് വിളിക്കുന്നത്.
2024 ഓഗസ്റ്റ് 7ന് ദക്ഷിണാഫ്രിക്കയിലെ അറ്റ്ലസാണ് (ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം) 2024 പിടി5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 1981ലും 2022ലും മിനി മൂണ്‍ പ്രതിഭാസമുണ്ടായിരുന്നു. ഭൂമിക്കരികിലേക്ക് പിടി5 ഛിന്നഗ്രഹത്തിന്റെ അടുത്ത വരവ് 2055ലായിരിക്കും എന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. ശാസ്ത്രലോകത്തിന്റെ കണ്ണില്‍പ്പെടാത്ത അനേകം മറ്റ് ബഹിരാകാശ വസ്തുക്കള്‍ ഇതിനകം ഭൂമിക്കടുത്ത് വന്നുപോയിട്ടുമുണ്ട്. അവയില്‍ മിനി മൂണ്‍ പ്രതിഭാസങ്ങളുമുണ്ടായിരുന്നിരിക്കാം.