മൂന്നാറിലെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയില്‍; ടൂറിസ്റ്റുകൾക്ക് നേരെ ആക്രമണം പതിവാകുന്നു

 മൂന്നാറിലെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയില്‍; ടൂറിസ്റ്റുകൾക്ക് നേരെ ആക്രമണം പതിവാകുന്നു

മൂന്നാർ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ ടൂറിസം പ്രതിസന്ധിയിൽ. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് നേരേയുള്ള ആക്രമണം പതിവാകുന്നു. നിസ്സാരകാര്യങ്ങളെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാക്കുകയും പിന്നീട് സംഘംചേര്‍ന്ന് ആക്രമിക്കുന്നതുമാണ് പതിവാകുന്നത്. വന്‍ പ്രതിസന്ധി നേരിടുന്ന മൂന്നാറിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഇത്തരം സംഭവങ്ങള്‍ വലിയ തിരിച്ചടിയാണ്.

മഴക്കാലത്തെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷം മേഖലയില്‍ സഞ്ചാരികള്‍ വന്നുതുടങ്ങിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ കാരണം പലരും കുടുംബസമേതം മൂന്നാറിലെത്താന്‍ മടിക്കുകയാണ്. ചെറിയൊരു വിഭാഗം സമൂഹവിരുദ്ധര്‍ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വ്യാഴാഴ്ച മൂന്നാര്‍ ടൗണ്‍, മാട്ടുപ്പട്ടി, രാജമല അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷണ്ടായി. അമിതശബ്ദത്തില്‍ പാട്ടുവെച്ചു എന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ പത്തനംതിട്ട സ്വദേശികളുടെ ബസ് തടഞ്ഞ് ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരേ അസഭ്യം പറയുകയും അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കുകയുംചെയ്തു.

ഓട്ടോറിക്ഷകളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെയ്ക്കുന്നത് അവസാനിപ്പിക്കാന്‍ നേരത്തേ സബ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബസില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ചു എന്നാരോപിച്ച് ബസ് തടഞ്ഞത്. പോലീസ് എത്തിയാണ് യാത്രക്കാരെ മോചിപ്പിച്ചത്.

മാട്ടുപ്പട്ടി എക്കോപോയിന്റിലെ ബോട്ടിങ് സെന്ററില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഏഴ് വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ അറുപത്തിരണ്ടുകാരിയുടെ നില ഗുരുതരമാണ്. ബോട്ടിങ് സെന്ററിലെ ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സ്ഥലത്തെ പതിനഞ്ചോളം ഫോട്ടോഗ്രാഫര്‍മാര്‍ ചേര്‍ന്ന് വിനോദസഞ്ചാരികളെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു.

രാജമല അഞ്ചാംമൈലില്‍ വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജീപ്പ് യാത്രക്കാരും കൊച്ചിസ്വദേശികളായ വിനോദസഞ്ചാരികളുമായി സംഘര്‍ഷമുണ്ടായി.സംഭവങ്ങളില്‍ വിനോദസഞ്ചാരികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

ആക്രമണത്തിന് ഇരയാകുന്നവര്‍ പരാതിനല്‍കാതെ മടങ്ങുന്നത് അക്രമികള്‍ക്ക് പ്രോത്സാഹനമായി മാറുകയാണ്.സീസണ്‍ സമയങ്ങളില്‍ ഗതാഗതക്കുരുക്കിനൊപ്പം തുടര്‍ച്ചയായ ആക്രമണങ്ങളും വിനോദസഞ്ചാരമേഖലയുടെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്. ആക്രമണങ്ങള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *