രണ്ടു ഛിന്ന ഗ്രഹങ്ങൾ ഭൂമിക്ക് സമീപത്തേക്ക് പാഞ്ഞടുക്കുന്നു; സെപ്റ്റംബർ 24ന് എന്ത് സംഭവിക്കും?

കാലിഫോര്‍ണിയ: വീണ്ടും രണ്ടു ഛിന്ന ഗ്രഹങ്ങൾ കൂടി ഭൂമിക്കു നേരെ എന്ന് നാസയുടെ മുന്നറിയിപ്പ്. ഈ വരുന്ന സെപ്റ്റംബര്‍ 24നാണ് രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്നത്. 2024 ആര്‍ഒ11 (2024 RO11), 2020 ജിഇ (2020 GE) എന്നിങ്ങനെയാണ് ഇവയ്ക്ക് നാസ നൽകിയ പേരുകൾ. എന്നാല്‍ ഇവ ഭൂമിക്ക് യാതൊരുവിധത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് നാസയുടെ നിഗമനം.
2024 ആര്‍ഒ11 ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ്. 120 അടിയാണ് ഇതിന്റെ വ്യാസം. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും ഇല്ലാതെ 2024 ആര്‍ഒ11 ഛിന്നഗ്രഹം സെപ്റ്റംബര്‍ 24ന് കടന്നുപോകും. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 4,580,000 മൈല്‍ ദൂരെയായിരിക്കും ഈ ഛിന്നഗ്രഹം. എന്നാല്‍ സെപ്റ്റംബര്‍ 24ന് ഭൂമിക്ക് അരികിലെത്തുന്ന 2020 ജിഇ അതിന്റെ സാമീപ്യം കൊണ്ടാണ് ശ്രദ്ധേയമാവുക. വെറും 26 അടി മാത്രമാണ് ഇതിന്റെ വലിപ്പമെങ്കിലും ഭൂമിക്ക് 410,000 മൈല്‍ അടുത്തുവരെ 2020 ജിഇ ഛിന്നഗ്രഹം എത്തും. എന്നാല്‍ ഈ ഛിന്നഗ്രഹവും ഭൂമിയില്‍ പതിക്കാനുള്ള ഒരു സാധ്യതയുമില്ല എന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി വിലയിരുത്തുന്നു. എങ്കിലും നാസ ജാഗ്രതയോടെ ഇരു ഛിന്നഗ്രങ്ങളെയും നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് ഭീമന് ഛിന്നഗ്രഹമായ 2024 ഒഎന് ഭൂമിക്ക് ഒരു പോറൽപോലുമേൽപ്പിക്കാതെ കടന്നുപോയത്. സെപ്റ്റംബര്‍ 18ന് 2024 ആര്‍എച്ച് 8, 2013 എഫ്ഡബ്ല്യൂ13, 2024 ആര്‍ജെ13, ആര്‍സെഡ്ഡ്13, എന്നിവയും ഭൂമിക്കരികിലൂടെ കടന്നുപോയി. സെപ്റ്റംബര്‍ 21ന് 2024 ആര്‍വൈ15, 2024 ആര്സ്സെഡ്21 എന്നീ വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രങ്ങളും ഭൂമിക്ക് അരികിലെത്തിയിരുന്നു.