ശ്രീലങ്കയിൽ ചരിത്രത്തിലാദ്യമായി ഒരു മാർക്സിസ്റ്റ് പ്രസിഡന്റ്; രണ്ടു വിപ്ലവ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ ബാലറ്റിലൂടെ അധികാരത്തിലേക്ക്
2022-ൽ ശ്രീലങ്കയുടെ ജനകീയ കലാപത്തിന്റെ ഭാഗമായി സമ്പദ്വ്യവസ്ഥ തകർച്ചയ്ക്ക് ശേഷം നടക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ തങ്ങളുടെ അടുത്ത പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നതിനായി 2024 സെപ്റ്റംബർ 21-ന് ശ്രീലങ്കക്കാർ വോട്ട് രേഖപ്പെടുത്തി.2022-ൽ രാജ്യത്തിൻ്റെ നേതാവ് ഗോതബായ രാജപക്സെയെ ജനകീയ പ്രതിഷേധങ്ങൾ പുറത്താക്കിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ശനിയാഴ്ച നടന്നത്. അന്ന് ജനകീയ പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ച ‘ജനത വിമുക്തി പെരമുന’ നേതാവ് ‘അനുര കുമാര ദിസനായകെ’ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയിൽ ചരിത്രത്തിലാദ്യമായാണ് ഒരു മാർക്സിസ്റ്റ് പ്രസിഡന്റ് പദവി അലങ്കരിക്കുവാൻ പോകുന്നത്. ജനത വിമുക്തി പെരമുനയും കൂടി ഉൾപ്പെടുന്ന നാഷണൽ പീപ്പിൾസ് പവറിന്റെ (എന്പിപി) ശക്തനായ നേതാവാണ് ദിസനായകെ. അവിടുത്തെ യുവ തലമുറ അദ്ദേഹത്തെ നെഞ്ചിലേറ്റി എന്നതാണ് ഫലസൂചനകളിൽ നിന്ന് വ്യക്തമാകുന്നത്.
കമ്യൂണിസ്റ്റ് ചൈനയോട് വിധേയത്വം പുലർത്തി രാജ്യത്തെ സർവവും അവർക്ക് അടിയറവച്ചതോടെയാണ് ശ്രീലങ്ക വൻ കടക്കെണിയിലായത്. അപകടം തിരിച്ചറിയുമ്പോഴേക്കും തിരിച്ചുകയറാനാകാത്തവിധം ആ രാജ്യം തകർന്നു. ജീവിതം വഴിമുട്ടിയതോടെ ജനം തെരുവിലിറങ്ങി. പിന്നെ നടന്നതിനെല്ലാം ചരിത്രം സാക്ഷി. ചൈനയുടെ കടന്നുകയറ്റത്തിനൊപ്പം ഭരണാധികാരികളുടെ അഴിമതിയും കൂടിയാണ് രാജ്യത്തെ തകർത്ത് തരിപ്പണമാക്കിയതെന്ന് വ്യക്തമായതോടെയാണ് രാജ്യത്ത് കലാപമുണ്ടായത്.
അഴിമതി ഇല്ലാതാക്കി രാജ്യത്തെ പഴയ പ്രതാപകാലത്തേക്ക് ഉയർത്തുമെന്നതാണ് ദിസനായകെയുടെ പ്രധാന വാഗ്ദാനം. ഇതിനൊപ്പം സ്വകാര്യവത്കരണം പുനഃപരിശോധിക്കും, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുംക തുടങ്ങിയ വാഗ്ദാനങ്ങളും എന്പിപി മുന്നോട്ടുവച്ചു. ഇക്കാര്യങ്ങളെല്ലാം പൂർണമായും വിശ്വാസത്തിലെടുത്ത ജനങ്ങൾ ദിസനായകെയ്ക്ക് അനുകൂലമായി വിധിയെഴുതുകയായിരുന്നു.
ചെറുപ്പകാലം മുതൽ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞുവന്നതിന്റെ അനുഭവജ്ഞാനമാണ് അദ്ദേഹത്തിനുള്ളത്. കണ്ടുപഴകിയ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി പ്രാക്ടിക്കൽ രാഷ്ട്രീയത്തിന്റെ പ്രയോക്താവായാണ് ശ്രീലങ്കയിലെ രാഷ്ട്രീയ നിരീക്ഷകർ ദിസനായകെയെ വിലയിരുത്തുന്നത്. ദിസനായകെയുടെ ചെറുപ്പകാലത്ത് തീവ്ര കമ്യൂണിസ്റ്റ് ചായ്വുള്ള പാർട്ടിയായിരുന്നു ജനത വിമുക്തി പെരമുന എന്ന ജെവിപി. പിന്നീട് പലകാരണങ്ങൾ കൊണ്ടും ആ തീവ്രത ഉപേക്ഷിച്ചു. സ്കൂൾ കാലം മുതൽ ജെവിപിയുടെ ആശങ്ങളിൽ അനുകൂലമായിരുന്നു ദിസനായകെ. വിദ്യാഭ്യാസ കാലമാണ് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ പുറത്തു കൊണ്ടുവന്നത്. 1995 ൽ പാർട്ടി പോളിറ്റ്ബ്യൂറോയിൽ എത്തി. 2000മുതൽ പാർലമെന്റ് അംഗം കൂടിയാണ്. 2014 ൽ പതിനേഴാം പാർട്ടികോൺഗ്രസോടെയാണ് നേതൃത്വത്തിന്റെ തലപ്പത്തേക്ക് അദ്ദേഹം എത്തിയത്.
താൻ പിന്തുണയ്ക്കുന്നവരുടെ കൊള്ളരുതായ്മകൾക്കെതിരെ വടിയെടുക്കാനും ദിസനായകെ മടികാണിച്ചില്ല. 1994ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചന്ദ്രിക കുമാരതുംഗയെയാണ് അദ്ദേഹവും പാർട്ടിയും പിന്തുണച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഭരണകൂടത്തിന്റെ കടുത്ത വിമർശകനായി അദ്ദേഹം മാറുകയും ചെയ്തു.
തുടക്കത്തിൽ ശ്രീലങ്കയിൽ ജെവിപി. അധികാരം പിടിക്കാൻ രണ്ടുതവണയാണ് കലാപത്തിന് ശ്രമിച്ചത്. പക്ഷേ, ആസൂത്രണത്തിലെ പിഴവടക്കം പല കാരണങ്ങൾ കൊണ്ടും രണ്ടുതവണയും വിപ്ലവം പൊളിഞ്ഞു. റഷ്യയിലെ ലുമുംബ സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിയായ റൊഹാന വിജവീരയാണ് ജനതാ വിമുക്തി പെരുമുനയ്ക്ക് തുടക്കമിട്ടത്. സ്കോളർഷിപ്പോടെ സോവിയറ്റ് യൂണിയനിൽ മെഡിക്കൽ പഠനത്തിന് അവസരം ലഭിച്ചതാണ് വിജവീരയെ കമ്യൂണിസവുമായി അടുപ്പിച്ചത്. സായുധ കലാപത്തിന്റെ കടുത്ത ആരാധകനായിരുന്നു വിജവീര.
വിമർശനങ്ങൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. തന്റെ ആശയങ്ങൾ നടപ്പാക്കാൻ അദ്ദേഹം മുൻതൂക്കം നൽകിയിരുന്നു. അതിൽ പ്രധാനമായതാണ് സായുധ വിപ്ലവത്തിനുള്ള ശ്രമം. പക്ഷേ, ഭരണകൂടം വിപ്ളവശ്രമം തകർത്തു. പല നേതാക്കളും പിടിയിലായി. വിപ്ലവം ഉപേക്ഷിച്ച് ബാലറ്റിലൂടെ അധികാരത്തിലെത്താൻ തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ചെഗുവേരയുടെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. വേഷത്തിലും ഭാവത്തിലുമെല്ലാം ചെയെ അനുകരിക്കാനും ശ്രമിച്ചിരുന്നു.
രണ്ടാമത്തെ സായുധ വിപ്ലവത്തിനുള്ള ശ്രമം 1989 ലായിരുന്നു. അതും വൻ പരാചയമായിരുന്നു. മുൻ കലാപസമയത്തെക്കാൾ തീവ്രമായിട്ടായിരുന്നു ഭരണകൂടം ഇത്തവണ ജെവിപിയെ നേരിട്ടത്. പാർട്ടിയെ പിന്തുണച്ച പലരും കൊല്ലപ്പെട്ടു. വിജവീരയും അറസ്റ്റിലായി. കുറച്ചുനാൾക്കകം അദ്ദേഹം കൊല്ലപ്പെട്ടു. കസ്റ്റഡിയിലിരിക്കെ അപ്രതീക്ഷിതമായി മരണം സംഭവിച്ചെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. ശരിക്കും തീ കൊളുത്തി കൊല്ലുകയായിരുന്നു എന്നാണ് ജെവിപി ആരോപിക്കുന്നത്. രണ്ടുതവണ ശ്രമിച്ചിട്ടും വിപ്ലവത്തിലൂടെ അധികാരം പിടിക്കാൻ ജെവിപിക്ക് ആയില്ല. അതിനെല്ലാമുള്ള ഒരു മധുര പ്രതികാരമായി ഈ വിജയത്തിനെ കണക്കാക്കാം.
ജെവിപി ഉൾപ്പെടുന്ന എന്പിപിയെ വൻ പ്രതീക്ഷയോടെയാണ് ജനങ്ങൾ അധികാരത്തിലേറ്റുന്നത്. എന്നാൽ പുതിയ ഭരണകൂടത്തിന്റെ യാത്ര ഒരുതരത്തിലും സുഖകരമായിരിക്കില്ലെന്നുള്ളതിൽ സംശയമില്ല. ഇന്ധനം, ആഹാരം, വൈദ്യുതി, ജീവൻരക്ഷാ മരുന്നുകൾ തുടങ്ങി സർവ സാധനങ്ങൾക്കും ശ്രീലങ്കയിൽ തൊട്ടാൽ പൊള്ളുന്ന വിലയാണ്. വിലക്കയറ്റം നിയന്ത്രിക്കണം, ലക്ഷം കോടികൾ വരുന്ന വിദേശകടങ്ങൾ തീർക്കണം, രാജ്യത്തിന്റെ കരുതൽ ധനശേഖരണം ഉയർത്തി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തണം എന്നൊക്കെയാണ് പുതിയ സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.