നിലയ്ക്കല്‍- പമ്പ റൂട്ടിൽ സർവീസ് നടത്താൻ അധികാരം കെഎസ്ആർടിസിയ്ക്ക് മാത്രം; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെഎസ്ആർടിസി

 നിലയ്ക്കല്‍- പമ്പ റൂട്ടിൽ സർവീസ് നടത്താൻ അധികാരം കെഎസ്ആർടിസിയ്ക്ക് മാത്രം; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെഎസ്ആർടിസി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെഎസ്ആർടിസി. ശബരിമല തീര്‍ഥാടകരില്‍നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് ഇതിൽ പറയുന്നു. നിലയ്ക്കല്‍- പമ്പ റൂട്ട് ദേശസാല്‍കൃതം ആണെന്നും അവിടെ സര്‍വീസ് നടത്താന്‍ തങ്ങള്‍ക്ക് മാത്രമേ അധികാരം ഉള്ളൂവെന്നും സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കിയിട്ടുണ്ട്.

മണ്ഡല-മകരവിളക്ക് സീസണ്‍ കാലത്ത് നിലയ്ക്കല്‍- പമ്പ റൂട്ടില്‍ സൗജന്യ സര്‍വീസ് നടത്താന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷത്തി(വി.എച്ച്.പി.)ന്റെ ലക്ഷ്യം അനാവശ്യ ധനലാഭം ആണെന്നും കെ.എസ്.ആര്‍.ടി.സി. ആരോപിച്ചു.

മണ്ഡല-മകരവിളക്ക് സീസണ്‍ കാലത്ത് 20 ബസുകള്‍ വാടകയ്‌ക്കെടുത്ത് സൗജന്യമായി സര്‍വീസ് നടത്താന്‍ അനുമതി തേടിയാണ് വി.എച്ച്.പി. സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ശബരിമലയിലേക്കുള്ള മുഴുവന്‍ റൂട്ടുകളും ദേശസാല്‍കൃത റൂട്ടുകള്‍ ആണെന്ന് കെ.എസ്.ആര്‍.ടി.സി. ചൂണ്ടിക്കാട്ടുന്നു. ദേശസാല്‍കൃത റൂട്ടുകളില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം. അഭിഭാഷകന്‍ ദീപക് പ്രകാശ് ആണ് കെ.എസ്.ആര്‍.ടി.സിയുടെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

തീര്‍ഥാടകരില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. അധികതുക ഈടാക്കുന്നു എന്ന വിശ്വ ഹിന്ദു പരിഷത്ത് ആരോപണം കെ.എസ്.ആര്‍.ടി.സി. തള്ളി. സര്‍വീസിനുള്ള ചാര്‍ജ് നിശ്ചയിക്കുന്നതില്‍ തങ്ങള്‍ക്ക് ഒരു പങ്കും ഇല്ല. നിരക്ക് നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. നിരക്ക് നിശ്ചയിക്കുന്നതിന് 2010-ല്‍ ജസ്റ്റിസ് എം. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി നിശ്ചയിച്ച നിരക്കാണ് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള ഉത്തരവ് പ്രകാരം ഘാട്ട് റോഡുകളില്‍ 25 ശതമാനവും ഉത്സവ സീസണുകളില്‍ 30 ശതമാനവും അധിക തുക ഈടാക്കാം. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ന്യായമായ നിരക്ക് മാത്രമേ ശബരിമല തീര്‍ത്ഥാടകാരില്‍നിന്ന് ഈടാക്കുന്നുള്ളൂവെന്നും കെ.എസ്.ആര്‍.ടി.സി. സുപ്രീം കോടതിയെ അറിയിച്ചു.

ഘാട്ട് റോഡുകളില്‍ 25 ശതമാനം അധിക തുക ഈടാക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പത്തനംതിട്ട മുതല്‍ പമ്പ വരെ ഈ അധിക തുക ഈടാക്കാവുന്നത് ആണ്. എന്നാല്‍ ളാഹ കോളനി മുതല്‍ പമ്പ (47.5 കിലോമീറ്റര്‍), എരുമേലി മുതല്‍ പമ്പ (52.5 കിലോമീറ്റര്‍), നിലക്കല്‍ മുതല്‍ പമ്പ (22.1 കിലോമീറ്റര്‍) എന്നീ റൂട്ടുകളില്‍ മാത്രമാണ് ഈ അധിക നിരക്ക് ഈടാക്കുന്നത് എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അനാരോഗ്യകരമായ മത്സരം ഉണ്ടാക്കി ജനങ്ങള്‍ക്കിടയിൽ അഭിപ്രായഭിന്നത ഉണ്ടാക്കി അനാവശ്യ സാമ്പത്തിക ലാഭത്തിനാണ് വിശ്വ ഹിന്ദു പരിഷത്തിൻ്റെ ശ്രമമെന്നും കെ.എസ്.ആര്‍.ടി.സി. ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *