തൂത്തുക്കുടിയിലെ പുതിയ ടെർമിനൽ; വിഴിഞ്ഞത്തിനു ഭീഷണി?
തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ രാജ്യാന്തര തുറമുഖത്തിൽ മൂന്നാമത്തെ പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി ഉദ്ഘാടനം കഴിഞ്ഞതോടെ തമിഴ്നാട് ഇന്ത്യയിലെ സുപ്രധാന തുറമുഖ കേന്ദ്രം ആയി മാറിയിരിക്കുകയാണ്. എന്നൂർ, തൂത്തുക്കുടി,തലസ്ഥാനമായ ചെന്നൈ എന്നീ വൻ തുറമുഖങ്ങൾക്കു പുറമെ, വലുതും ചെറുതുമായ 17 തുറമുഖങ്ങളുമായി സമുദ്ര വ്യാപാര മേഖലയിൽ ഇന്ത്യക്കു വലിയ മുതൽക്കൂട്ടാകുകയാണു സംസ്ഥാനം. പുതിയ കണ്ടെയ്നർ ടെർമിനലിന്റെ വരവ് രാജ്യാന്തര കണ്ടെയ്നർ കപ്പലുകൾക്ക് പുതിയ ലക്ഷ്യസ്ഥാനമായി മാറുമെന്ന് കരുതുന്നു.
തൂത്തുക്കുടിയിലെ വിഒസി തുറമുഖത്ത് 38,000 കോടിയിലധികം രൂപയുടെ വികസന പ്രവൃത്തികൾക്കു കൂടിയാണ് ഇന്നലെ തറക്കല്ലിട്ടത്. ജെഎം ബാക്സി ഗ്രൂപ്പിനാണ് പുതിയതായി ഉദ്ഘാടനം ചെയ്ത ടെർമിനലിന്റെ പ്രവർത്തന ചുമതല. തുറമുഖത്ത് വരുന്ന മൂന്നാമത്തെ ടെർമിനലാണിത്. 14.20 മീറ്റർ ആഴമുള്ള ടെർമിനലിന് 370 മീറ്റർ നീളവും ഉണ്ട്. ബായ്ക്കപ് ഏരിയ ഉൾപ്പെടെ 10 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നതാണ് പുതിയ ടെർമിനൽ. 6 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും പുതിയ ടെർമിനലിന് ഉണ്ട്.
തൂത്തുക്കുടി രാജ്യാന്തര കണ്ടെയ്നർ ടെർമിനലിനെ ഇന്ത്യയുടെ മറൈൻ ഇൻഫ്രാസ്ട്രക്ചറിലെ പുതിയ താരമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. വി.ഒ.സി. ഇന്ത്യയുടെ സമുദ്ര വികസനത്തിൽ ഒരു പുതിയ അധ്യായം രചിക്കാൻ തുറമുഖം തയ്യാറാണ്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലെ ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം രണ്ട് വർഷം മുമ്പ് തൻ്റെ സന്ദർശന വേളയിൽ ആരംഭിച്ച V.O.C. തുറമുഖവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ച് പരാമർശിച്ചു. വേഗത്തിൽ പൂർത്തിയാക്കിയതിൽ സംതൃപ്തി പ്രകടിപ്പിക്കുന്നു. “ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയായി മാറുകയാണ്, ഈ വളരുന്ന ശേഷിയാണ് നമ്മുടെ സാമ്പത്തിക വളർച്ചയുടെ അടിത്തറ,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ ആക്കം ഇന്ത്യയെ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും ഈ വളർച്ചയെ നയിക്കുന്നതിൽ തമിഴ്നാട് നിർണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന മൂന്ന് ദേശീയപാതകളാണ് പോർട്ട് സിറ്റിയായ തൂത്തുക്കുടിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്– ദേശീയപാത 138, ദേശീയപാത 38, ദേശീയപാത 32. തുറമുഖത്തേക്കു നീളുന്ന ഡെഡിക്കേറ്റഡ് റെയിൽവേ പാതയും തൂത്തുക്കുടിയെ സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റുന്നു. തുറമുഖത്തുനിന്ന് 20 കിലോമീറ്റർ ദൂരത്തിലാണ് തൂത്തുക്കുടി രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തെയും തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രത്യേക സംസ്ഥാന പാതയും തൂത്തുക്കുടിയുടെ മറ്റൊരു പ്രത്യേകതയാണ്.
തൂത്തുക്കുടിയിലെ പുതിയ രാജ്യാന്തര ടെർമിനൽ, കേരളത്തിന്റെ പ്രതീക്ഷയായ വിഴിഞ്ഞത്തിനു ബദലാകുമോയെന്ന് ആശങ്കയുണ്ട്. 18 മീറ്റർ സ്വാഭാവിക ആഴമാണ് വിഴിഞ്ഞത്തിനുള്ളത്. ഇത് 20 മീറ്ററായി വർധിപ്പിക്കാൻ സാധിക്കുമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. എന്നാൽ വിഴിഞ്ഞത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് ഒരേയൊരു ദേശീയപാതയാണ്. നിലവിൽ ആറുവരി പാതയായി വികസിപ്പിക്കുന്ന ദേശീയപാത – 66. മാത്രമല്ല തൂത്തുക്കുടിയിലേതു പോലെ റെയിൽവേ ലൈൻ വിഴിഞ്ഞം തുറമുഖത്തേക്ക് ഇല്ലെന്നതാണ് പോരായ്മ. തുറമുഖത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളുമായി ബന്ധിപ്പിക്കാൻ പ്രത്യേക പാതയില്ലെന്നതും വിഴിഞ്ഞത്തിനു തിരിച്ചടിയാണ്.
എന്നാൽ 10.27 കിലോമീറ്റർ റെയിൽവേ ലൈൻ ഉടൻ വിഴിഞ്ഞത്തേക്കു പണിയുമെന്ന് തുറമുഖ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 9.2 കിലോമീറ്റർ ദൂരം റെയിൽവേ ഉയരപ്പാത നിർമിക്കും. ഇതിനായി സ്ഥലം ഏറ്റെടുത്തു. റെയിൽവേ ലൈൻ സംബന്ധിച്ച ഡിപിആർ ആയിട്ടുണ്ട്. കൊങ്കൺ റെയിൽവേക്കാണ് നിർമാണ ചുമതല. ദേശീയപാതയുടെ അപ്രോച്ച് റോഡിനായി 1,610 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതുകൂടി നിലവിൽ വന്നാൽ ഇന്ത്യയിലെ നമ്പർ വൺ തുറമുഖമായി വിഴിഞ്ഞം മാറുമെന്ന പ്രതീക്ഷയും വാസവൻ പങ്കുവച്ചു.
ശേഷിയുടെ കാര്യത്തിൽ തൂത്തുക്കുടിയേക്കാൾ മുന്നിലാണ് വിഴിഞ്ഞം. ആദ്യഘട്ടത്തിൽ 10 ലക്ഷം ടിഇയു ശേഷിയാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്യാൻ സാധിക്കുക. രാജ്യാന്തര കപ്പൽപാതയിൽനിന്നു 10 നോട്ടിക്കൽ മൈൽ അകലെയാണ് വിഴിഞ്ഞത്തിന്റെ സ്ഥാനമെന്നതും മേന്മയാണ്. വിഴിഞ്ഞവും തൂത്തുക്കുടിയും ചേരുന്നതോടെ ഇന്ത്യയുടെ തെക്കെ മുനമ്പ് ഇനിയുള്ള ദിവസങ്ങളിൽ വലിയ കപ്പലുകളുടെ തിരക്കിലാകും. ഭാവിയിൽ ഇന്ത്യ, സമുദ്ര വ്യാപാര രംഗത്ത് നിർണായക ശക്തിയായി മാറുമെന്നാണു പ്രതീക്ഷ.