മൂന്ന് ദിവസത്തെ ഇടിവിൽ നിന്ന് സ്വർണവില ഇതാ വീണ്ടും 55000 കടന്നു
തിരുവനന്തപുരം: ചാഞ്ചാടിയാടി നിന്ന സ്വർണവില ഇതാ വീണ്ടും കുതിച്ച് കയറിയിരിക്കുന്നു. ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ പവന്റെ വില വീണ്ടും 55000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,080 രൂപയാണ്
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഇടിഞ്ഞിരുന്നു. ഇന്നലെ 200 രൂപയാണ് പവന് കുറഞ്ഞത്. മൂന്ന് ദിവസങ്ങൾകൊണ്ട് 440 രൂപയോളം ഇടിവുണ്ടായിരുന്നു. വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭമെടുത്ത് തുടങ്ങിയതോടെ സ്വർണവില കുതിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6885 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5715 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു രൂപയാണ് വെള്ളിക്ക് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 2592 ഡോളറാണ്. അതിന്റെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് 50 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറച്ചതോടെ ആളുകൾ കൂട്ടത്തോടെ സ്വർണത്തിലേക്ക് തിരിയുകയാണ്.
ഈ ട്രെൻഡ് തുടരാൻ സാധ്യത ഉണ്ടെന്ന് പൂർണമായും പറയാൻ കഴിയില്ല. നിലവിലെ സാഹചര്യത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കേരളത്തിലെ സ്വർണവില ഉള്ളത്. കഴിഞ്ഞ ദിവസത്തേത് പോലെയുള്ള ചാഞ്ചാട്ടങ്ങൾ ഇനിയും വിപണിയിൽ പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ സ്വർണവില അസ്ഥിരമായി തന്നെ തുടരാനാണ് സാധ്യത.
നേരത്തെ സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഉൾപ്പെടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ ഗണ്യമായി കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറഞ്ഞത്. ഇതിന് ശേഷം സ്വർണവിലയിൽ ഇടവുണ്ടായെങ്കിലും വില തിരിച്ചുകയറുന്നതാണ് നാം പിന്നെ കണ്ടത്.
സ്വർണം ആഭരണമായി വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ നിർബന്ധമായും ഒരു കാര്യം മനസിൽ ഓർക്കേണ്ടതുണ്ട്. നിലവിൽ പറഞ്ഞിരിക്കുന്ന വില സാധാരണ സ്വര്ണത്തിന്റേതാണ്. ഇതിനി ആഭരണമായി മാറുമ്പോൾ പണിക്കൂലി ഉൾപ്പെടെയുള്ള ഘടകങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ഒരു പവന്റെ ആഭരണത്തിന് ഏതാണ്ട് 57,500 രൂപ മുതൽ 60,000 രൂപ വരെയായിരിക്കും.