സ്കാൻ ചെയ്താൽ മാത്രം മതി, മദ്യം വന്ന വഴിയും ക്വാളിറ്റിയും അറിയാം; ബെവ്‌കോ സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക്

 സ്കാൻ ചെയ്താൽ മാത്രം മതി, മദ്യം വന്ന വഴിയും ക്വാളിറ്റിയും അറിയാം; ബെവ്‌കോ സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബെവ്‌കോ വിതരണം ചെയ്യുന്ന മുഴുവൻ മദ്യക്കുപ്പികളിലും ക്യു ആർ കോഡ്‌ സംവിധാനം വ്യാപിപ്പിക്കുന്നു. ഇത് സ്കാൻ ചെയ്‌താൽ മദ്യം നിർമിച്ച ഡിസ്റ്റിലറിയുടേതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകും. ഇതോടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുകയാണ് ബെവ്‌കോ. നാലുമാസത്തിനുള്ളിൽ എല്ലാ മദ്യക്കുപ്പികളിലും ക്യു ആർ കോഡ്‌ ഏർപ്പെടുത്തുമെന്ന്‌ ബിവറേജസ്‌ കോർപറേഷൻ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

മദ്യക്കുപ്പികളിൽ ക്യൂ ആർ കോഡ് ഏർപ്പെടുത്തുന്നതിന്‍റെ ആദ്യപടിയായി ജവാൻ റം ബ്രാൻഡ്‌ മദ്യക്കുപ്പികളിലാണ്‌ കോഡ് പതിപ്പിക്കുക. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇത്. സംസ്ഥാന സർക്കാർ സ്ഥാപനമായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ്‌ ആൻഡ്‌ കെമിക്കൽസിലാണ് ജവാൻ റം ബ്രാൻഡ്‌ നിർമിക്കുന്നത്.

തിരുവല്ലയിൽ ഒരു ബോട്ട്‌ലിങ്‌ ലൈനിലെ മദ്യക്കുപ്പികളിൽ ക്യു ആർ കോഡ്‌ പതിപ്പിക്കുന്നത്‌ ഇനി പൂർണതോതിലാക്കും. ഒപ്പം മറ്റ് മദ്യക്കമ്പനികൾക്കും ക്യു ആർ കോഡ്‌ നിർബന്ധമാക്കും. ഇങ്ങനെ നാലുമാസത്തിനുള്ളിൽ ബെവ്കോ വഴി വിതരണം ചെയ്യുന്ന എല്ലാ കുപ്പികളിലും ക്യു ആർ കോഡ്‌ നിലവിൽ വരുന്ന രീതിയിലാണ് സജ്ജീകരണം.

ക്യു ആർ കോഡ്‌ സ്കാൻ ചെയ്താൽ ഏത്‌ ഡിസ്റ്റിലറിയിലാണ് നിർമാണം എന്നും ബാച്ച്‌ ഏതാണെന്നും ചില്ലറ വിൽപ്പനശാലകളിൽ സ്‌റ്റോക്കുള്ള മദ്യത്തിന്‍റെ വിവരവും എല്ലാ അറിയാൻ കഴിയും. കുപ്പികൾക്കുപുറമേ കെയ്‌സുകളിലും കോഡ്‌ പതിപ്പിക്കും. ബെവ്‌കോയ്‌ക്ക്‌ ഡിസ്റ്റലറികളിൽനിന്ന്‌ ചില്ലറ വിൽപ്പന ശാലകൾവരെയുള്ള മദ്യത്തിന്‍റെ നീക്കം നിരീക്ഷിക്കാനും ഡിജിറ്റലൈസേഷനിലൂടെ സാധ്യമാകും. എക്സൈസ്‌ എൻഫോഴ്‌സ്‌മെന്‍റിനും പോലീസിനും കൃത്യമായി പരിശോധന നടത്താനും പുതിയ സംവിധാനത്തിലൂടെ കഴിയും.

നിലവിൽ ഡിസ്റ്റലറികളിൽനിന്ന്‌ വിതരണംചെയ്യുന്ന മദ്യക്കുപ്പികളിൽ വെയർഹൗസുകളിൽവച്ച്‌ ഹോളോഗ്രാം ലേബൽ പതിപ്പിക്കുകയാണ്‌ പതിവ്‌. ഹോളോഗ്രാം ലേബലിന്‌ പകരമാണ്‌ ക്യു ആർ കോഡ്‌ ഏർപ്പെടുത്തുന്നത്‌. മദ്യത്തിന്‍റെ സെക്കൻഡ്‌സും വ്യാജനും തടഞ്ഞ് വിതരണം സുതാര്യമാക്കുകയുമാണ്‌ ബെവ്കോ പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്.

മദ്യക്കമ്പനികൾ എടുക്കുന്ന പെർമിറ്റ് അനുസരിച്ച് ബെവ്‌കോ വെയർ ഹൗസുകൾക്ക്‌ ഹോളോ ഗ്രാം ലേബൽ നൽകുകയാണ് ചെയ്യുന്നത്. ക്യു ആർ കോഡ്‌ സംവിധാനത്തിലേക്ക്‌ മാറുമ്പോൾ നിർമാണ സമയത്ത് തന്നെ കുപ്പികളിൽ കോഡ്‌ പതിപ്പിക്കും. ഡിസ്റ്റലറികൾക്കും പെർമിറ്റിന്‌ ആനുപാതികമായി കോഡ്‌ നൽകും. സി ഡിറ്റാണ്‌ ബെവ്കോ കുപ്പികളിലേക്ക് കോഡ്‌ തയ്യാറാക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *