ശുക്രനെ വലം വച്ച് വിവരങ്ങൾ ചോർത്താം; എന്താണ് ഇന്ത്യയുടെ ശുക്രദൗത്യം ? ലക്ഷ്യങ്ങൾ അറിയാം

 ശുക്രനെ വലം വച്ച് വിവരങ്ങൾ ചോർത്താം; എന്താണ് ഇന്ത്യയുടെ ശുക്രദൗത്യം ? ലക്ഷ്യങ്ങൾ അറിയാം

ന്യൂഡൽഹി: ഐഎസ്ആര്‍ഒയുടെ നാലു ബഹിരാകാശ പദ്ധതികള്‍ക്ക് ആണ് ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയത്. ചന്ദ്രയാന്‍ 4, ശുക്രദൗത്യം (വീനസ് ഓര്‍ബിറ്റര്‍ മിഷന്‍), ഗഗന്‍യാന്‍ പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ച് ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ യൂണിറ്റിന്റെ നിര്‍മ്മാണം, അടുത്ത തലമുറ ലോഞ്ച് വെഹിക്കിളിന്റെ വികസനം എന്നിവയാണ് അവ. ഈ നാലു പദ്ധതികളുടെ വികസനത്തിനായി വരുന്ന ചെലവായ 22,750 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. ഇതോടെ ഇനി രാജ്യം ഉറ്റുനോക്കുന്നത് ഐഎസ്ആര്‍ഒയുടെ പ്രവർത്തനങ്ങളിലേക്കാണ്. ചരിത്രം കുറിക്കാനാകുന്ന് പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്നാണ് എല്ലാവരും ഇനി നോക്കുക.

ശുക്രഗ്രഹത്തെ കുറിച്ച് പഠിക്കാനുള്ളതാണ് ശുക്രദൗത്യം (വീനസ് ഓര്‍ബിറ്റര്‍ മിഷന്‍). 1236 കോടി രൂപയുടെ (ഏകദേശം 149 മില്യൺ ഡോളർ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം പച്ചക്കൊടി കാട്ടിയതോടെ നടപടികൾ വേഗത്തിലാക്കുകയാണ് ഐഎസ്ആർഒ. 1236 കോടി രൂപയിൽ 824 കോടി രൂപ ബഹിരാകാശ പേടകം വികസിപ്പിക്കാൻ മാത്രമാണ് ചെലവഴിക്കുക. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ബഹിരാകാശ പേടകത്തിൻ്റെ വികസനത്തിനും വിക്ഷേപണത്തിനും മേൽനോട്ടം വഹിക്കും.

2028 മാർച്ചിൽ പേടകം അയക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ‘വീനസ് ഓർബിറ്റർ മിഷൻ’ എന്ന പേരിലുള്ള ദൗത്യം ഐഎസ്ആർഒയുടെ പ്രധാന പദ്ധതികളിൽ മുൻ നിരയിലുള്ള ദൗത്യമാണ്. ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹമായ ശുക്രനെ വലംവെച്ച് വിവരങ്ങൾ ശേഖരിക്കാനാണ് പേടകത്തെ അയക്കുന്നത്.

ശുക്രൻ്റെ ഉപരിതലം, ഉപതലം, അന്തരീക്ഷ പ്രക്രിയകൾ, ശുക്രൻ്റെ അന്തരീക്ഷത്തിൽ സൂര്യൻ്റെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും പഠിക്കുകയുമാണ് വീനസ് ഓർബിറ്റർ മിഷൻ്റെ ലക്ഷ്യം. ഭൂമിയോട് സാമ്യമുള്ള ഗ്രഹമായ ശുക്രനിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നും തുടർ മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പുതിയ ദൗത്യവും പഠനവും ശുക്രൻ്റെയും ഭൂമിയുടെയും പരിണാമത്തെക്കുറിച്ചുള്ള അമൂല്യമായ ഉൾക്കാഴ്ചകൾ നൽകുമെന്നാണ് നിഗമനം.

ഭൂമിയിലേതിന് സമാനമായ സ്ഥിതിയുള്ള ഗ്രഹമായ ശുക്രനിൽ നിന്നും നിർണായക വിവരങ്ങൾ ശേഖരിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ശുക്രദൗത്യം ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ഒരു നിർണായക ചുവടുവെപ്പായിട്ടാണ് കരുതുന്നത്. സൗരയുഥത്തെ കുറിച്ച് പഠിക്കുന്ന എലൈറ്റ് ഗ്രൂപ്പിൽ ഇന്ത്യ അംഗമാകുകയും ബഹിരാകാശരംഗത്ത് ഐഎസ്ആർഒയ്ക്ക് കൂടുതൽ സ്വീകാര്യത ലഭ്യമാകുകയും ചെയ്യും.

ഭൂമിക്ക് സമാനമായ രീതിയിൽ രൂപപ്പെട്ടതായി കരുതപ്പെടുന്നതും ഭൂമിയോട് ഏറ്റവും അടുത്തുള്ളതുമായ ഗ്രഹമായ ശുക്രനെ പര്യവേക്ഷണം ചെയ്യുകയാണ് ഈ ദൗത്യം ലക്ഷ്യം. ശുക്രനെ പഠിക്കുന്നതിലൂടെ സമാനമായ തുടക്കങ്ങൾക്കിടയിലും ഗ്രഹ പരിതസ്ഥിതികൾ എങ്ങനെ വ്യത്യസ്തമായി പരിണമിക്കുമെന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. ഒരിക്കൽ വാസയോഗ്യമാണെന്ന് കരുതിയിരുന്ന ശുക്രൻ വ്യത്യസ്തമായ ഒരു ഗ്രഹമായി രൂപാന്തരപ്പെട്ടത് എന്തുകൊണ്ടാണെന്ന് ശാസ്ത്രജ്ഞർക്ക് കൂടുതൽ അറിയാൻ ഈ പഠനം സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *