അയൽവാസിയുടെ നായയുടെ ആക്രമണത്തിൽ ഗർഭം അലസി; യുവതിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
നായ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങൾ സർവസാധാരണയാണ്. നായയുടെ ആക്രമണത്തിൽ മരണം വരെ സംഭവിച്ചിട്ടുണ്ട്. ഇതിനെതിരെ നിയമങ്ങൾ ഒന്നും പ്രാബല്യത്തിൽ വന്നിട്ടില്ല. എന്നാൽ ഇപ്പോൾ നായ അക്രമിച്ചതിന് പിന്നാലെ ഗർഭം അലസി പോയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ നായയുടെ ഉടമയോട് കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഷാങ്ഹായിലെ ഒരു നായ ഉടമയ്ക്കാണ് തന്റെ വളർത്തുനായ മൂലം ഇങ്ങനെ അവസ്ഥ ആയത്. ഷാങ്ഹായ് സ്വദേശിയായ യാൻ എന്ന 41 കാരി നായയെ കണ്ട് ഭയന്ന് അവരുടെ ഗർഭാവസ്ഥയിൽ ഉണ്ടായിരുന്ന കുഞ്ഞിനെ നഷ്ടപ്പെടാന്‍ കാരണമായെന്ന് കോടതിയില്‍ വാദിച്ചു. നഷ്ടപരിഹാരമായി 90,000 യുവാൻ (10,62,243 രൂപ) നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് നീണ്ട കാത്തിരിപ്പിനാടുവില്‍ മൂന്ന് വര്‍ഷം നീണ്ട ഐവിഎഫ് ചികിത്സയ്ക്ക് ശേഷമാണ് യാൻ ഗർഭിണിയായതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ, ദൗർഭാഗ്യവശാൽ ആ കുഞ്ഞിനെ ഗർഭാവസ്ഥയിൽ വെച്ച് തന്നെ അവർക്ക് നഷ്ടപ്പെട്ടു. കുഞ്ഞിനെ നഷ്ടമാകുമ്പോള്‍ യാന്‍ 15 ആഴ്ച ഗര്‍ഭിണിയായിരുന്നു. കൊറിയർ സ്റ്റേഷനിൽ എത്തിയ ഒരു പാക്കേജ് എടുക്കാനായി തന്റെ റെസിഡൻഷ്യൽ കമ്മ്യൂണിറ്റി ഏരിയയിലൂടെ നടക്കുന്നതിനിടയിലാണ് അയൽവാസിയുടെ ഗോൾഡൻ റിട്രീവർ അപ്രതീക്ഷിതമായി യാനെ ആക്രമിക്കാനായി ഓടി അടുത്തത്.
ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായ യാനിന് നേരെ ചാടി വീഴുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ഭയന്ന് പോയ യാന്‍ പുറകോട്ട് മറിഞ്ഞ് വീഴുകയും മുതുകിന് പരിക്കേൽക്കുകയും ചെയ്തു. വീണിടത്ത് നിന്നും ഒരു വിധത്തില്‍ എഴുന്നേറ്റ് നായയില്‍ നിന്നും രക്ഷപ്പെടാനായി യാന്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടെയില്‍ അടിവയറ്റില്‍ ഭീകരമായ വേദന അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയെങ്കിലും അപ്പോഴേക്കും തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നെന്ന് അവര്‍ കോടതിയെ അറിയിച്ചു.
വർഷങ്ങളോളം കാത്തിരിന്ന് അവസാനം ലഭിച്ച കുഞ്ഞിനെ ഒന്ന് കാണുക പോലും ചെയ്യാതെ നഷ്ടപ്പെട്ടതോടെ തന്റെ ജീവിതത്തിലെ സന്തോഷം നഷ്ടമായെന്നും പറഞ്ഞറിയിക്കാൻ സാധിക്കാത്ത വേദനയിലൂടെയാണ് താൻ ഇപ്പോൾ കടന്നുപോകുന്നതെന്നുമാണ് യാൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ നായയുടെ ഉടമയായ ലിയ്ക്കെതിരെ യാൻ തന്നെയാണ് കേസ് ഫയൽ ചെയ്തത്. തുടർന്ന് നായയുടെ ആക്രമണത്തിൽ യാനിന് ഉണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് 90,000 യുവാൻ നായ ഉടമയായ ലീ നൽകണമെന്ന് കോടതി വിധിക്കുകയായിരുന്നു.