തലസ്ഥാനത്ത് കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തി
തിരുവനന്തപുരം: കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തി. കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. ബാറില്‍വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.
കഴിഞ്ഞയാഴ്ച ബാറില്‍വെച്ച് അഖിലും കുറച്ചാളുകളുമായി തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്.
അക്രമികൾ ഹോളോബ്രിക്‌സ് അടക്കം കരുതിയിരുന്നു. മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. ഹോളോബ്രിക്‌സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. തലയോട്ടി പിളര്‍ന്ന നിലയിലാണ് അഖിലിനെ ആശുപത്രിയില്‍ എത്തിച്ചത്.
മത്സ്യക്കച്ചടവം നടത്തിവരുന്ന ആളാണ് അഖില്‍. ആക്രമണം നടക്കുമ്പോൾ പരിസരത്ത് കുട്ടികളടക്കം ഉണ്ടായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇവരിലേക്ക് നയിക്കുന്ന സൂചനകളൊന്നും നിലവില്‍ പോലീസിന് ലഭിച്ചിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം നടക്കുകയാണ്.