ഒരമ്മപെറ്റ മക്കളല്ലേ, സമാനതകളാവാം; ഇൻസ്റ്റഗ്രാമിനെ അനുകരിക്കുന്ന അടുത്ത ഫീച്ചറുമായി വാട്സ്ആപ്പ്

 ഒരമ്മപെറ്റ മക്കളല്ലേ, സമാനതകളാവാം; ഇൻസ്റ്റഗ്രാമിനെ അനുകരിക്കുന്ന അടുത്ത ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂയോര്‍ക്ക്: ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. കഴിഞ്ഞ കുറച്ചുനാളുകളായി ദിവസവും പുതിയ പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് നമുക്കായി ഒരുക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒന്നുകൂടി ഏതാണ് പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലെ സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പിലും വരാൻ പോകുന്നത്. സ്റ്റാറ്റസ് വയ്ക്കുമ്പോൾ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത്. ഇത് സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നെങ്കിലും ഉടൻ തന്നെ അവതരിപ്പിക്കും. കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാൻ ഈ ഫീച്ചറിലൂടെ കഴിയും. ആരെയാണോ ടാഗ് ചെയ്യുന്നത് അവർക്ക് അതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും.

നിലവിൽ വാട്‌സ്ആപ്പിൽ ഇങ്ങനെയൊരു ഓപ്ഷൻ ഇല്ല. സ്വന്തം നിലക്ക് വീഡിയോയോ ചിത്രങ്ങളോ വോയിസോ മറ്റോ ഒക്കെ സ്റ്റാറ്റസ് ആയി വെക്കാം എന്ന് മാത്രം. എന്നാൽ ടാഗ് ഫീച്ചർ വരുന്നതോടെ പ്രിയപ്പെട്ടവർക്ക് എളുപ്പത്തിൽ സ്റ്റാറ്റസ് വായിക്കാൻ പറ്റും. ആരെയാണോ ടാഗ് ചെയ്യുന്നത്, അയാള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. ഇൻസ്റ്റഗ്രാമിലെ സ്റ്റോറി ഇത്തരത്തിൽ മെൻഷനും ഷെയറും ചെയ്യാം. അതുപോലെയാണ് വാട്‌സ്ആപ്പിലും കൊണ്ടുവരുന്നത്.

അതേസമയം ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകളാണെങ്കിൽ യഥാർഥ ക്രിയേറ്ററുടെ ഐഡന്റിറ്റി പ്രൈവറ്റ് ആയിരിക്കും. മറ്റുള്ളവർക്ക് ഇയാളെ( ക്രിയേറ്ററെ) ബന്ധപ്പെടനാവില്ലെന്ന് ചുരുക്കം. ഇന്‍സ്റ്റഗ്രമില്‍ ഇങ്ങനെയൊരു ഫീച്ചര്‍ ഇല്ല. അവിടെ ആരുടെ സ്റ്റാറ്റസ് ആണോ ഷെയര്‍ ചെയ്യുന്നത്, അത് മറ്റുള്ളവര്‍ക്ക് അറിയാനും അയാളെ ബന്ധപ്പെടാനും സാധിക്കും.

പരീക്ഷണത്തിന്റെ ഭാഗമായി ഈ ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. വൈകാതെ എല്ലാവരിലേക്കും എത്തും. അതേസമയം മെറ്റാ എഐയ്‌ക്കായി, വിവിധ വോയ്‌സ് ഓപ്ഷനുകളും വാട്സ്ആപ്പ് നടപ്പിലാക്കാനൊരുങ്ങുന്നുണ്ട്. ഇതു സംബന്ധിച്ച വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *