ഓണാഘോഷം കൊഴുപ്പിക്കാൻ ഏഴാം ക്ലാസുകാർ ഷാപ്പിലെത്തി നന്നായി മിനുങ്ങി; സ്കൂൾ കുട്ടികൾക്ക് കള്ളുവിറ്റ ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ
ചേർത്തല: സ്കൂൾ കുട്ടികൾക്ക് കള്ളുവിറ്റ ഷാപ്പ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ചേർത്തല പള്ളിപ്പുറം പള്ളിച്ചന്ത ഭാഗത്തെ ഷാപ്പ് ജീവനക്കാരായ മനോഹരൻ, മാനേജർ മോഹനൻ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ്.ശ്രീകുമാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരാണ് കേസിലെ മൂന്നു മുതൽ ആറുവരെ പ്രതികൾ.
ഈ മാസം പതിമൂന്നിനാണ് സംഭവം. സ്കൂളിൽ ഓണാഘോഷത്തിനിടെയാണ് ഏഴാം ക്ലാസുകാരായ നാലു കുട്ടികൾ പള്ളിപ്പുറം പള്ളിച്ചന്ത ഭാഗത്തെ ഷാപ്പിൽ മദ്യപിക്കാനെത്തിയത്. ഇവർക്കു ഷാപ്പിലെ ജീവനക്കാരൻ കള്ളു നൽകുകയും ചെയ്തു. കള്ളു കുടിച്ച് അത്യാസന്ന നിലയിലായ കുട്ടിയെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദ്യാർത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിലേക്കു മാറ്റിയിട്ടുണ്ട്.