ആകാശ ഗംഗാ തീരങ്ങൾക്കുമപ്പുറം പാറിനടക്കാൻ ഇതാ ഒരവസരം; സ്പെയ്സ് എക്സിന്റെ പൊളാരിസ് ഡോണിനെകുറിച്ചറിയാം
ഫ്ലോറിഡ: സ്പേസിൽ യാത്രചെയ്യുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നമായിരിക്കും. ആ സ്വപ്നം യാഥാർത്ഥ്യമാക്കാനൊരുങ്ങി ഇലോൺ മസ്കിന്റെ ബഹിരാകാശകമ്പനിയായ സ്‌പെയ്‌സ് എക്സ്. മനുഷ്യനെ ബഹിരാകാശത്ത് നടത്തിക്കാനുള്ള ആദ്യ സ്വകാര്യദൗത്യമാണിത്. ഹീലിയം ചോർച്ചയെത്തുടർന്ന് അവസാനനിമിഷം വിക്ഷേപണം മാറ്റിവെച്ചിരുന്ന‘പൊളാരിസ് ഡോൺ’ വിജയകരമായി വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശവിക്ഷേപണകേന്ദ്രത്തിൽനിന്നാണ് സ്‌പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകം കുതിച്ചുയർന്നത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം പകൽ 2.50-ന് വിക്ഷേപിച്ച പേടകത്തിൽ നാലുയാത്രക്കാരാണുള്ളത്. പ്രൊഫഷണലുകളല്ലാത്ത യാത്രികർ ബഹിരാകാശത്ത് നടക്കുന്നത് ഇതാദ്യമാണ്.
ശതകോടീശ്വരനും വ്യവസായിയുമായ ജാരെദ് ഐസക്മാനാണ് പൊളാരിസ് ദൗത്യസംഘത്തിന്റെ കമാൻഡർ. അദ്ദേഹം തന്നെയാണ് പദ്ധതിക്കുള്ള സഹായധനം നൽകുന്നതും. മുൻ യു.എസ്. വ്യോമസേനാ പൈലറ്റ് സ്കോട്ട് പൊടീറ്റ്, സ്‌പെയ്‌സ് എക്സിലെ എൻജിനിയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരാണ് മറ്റംഗങ്ങൾ. ആറുദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിന്റെ മൂന്നാംദിനമായ വ്യാഴാഴ്ച ഐസക്മാനും സാറയുമാണ് ബഹിരാകാശത്തുനടക്കുക. പ്രൊഫഷണലുകളല്ലാത്ത യാത്രികർ ബഹിരാകാശത്ത് നടക്കുന്നത് ആദ്യമാണ്. 1972-ൽ അവസാനിപ്പിച്ച നാസയുടെ അപ്പോളോ ദൗത്യത്തിനുശേഷം ഭൂമിയിൽനിന്ന് ഏറ്റവും അകലേക്കുള്ള ബഹിരാകാശയാത്രനടത്തുന്നവരാണ് നാലുപേരെന്ന പ്രത്യേകതയുമുണ്ട്.
ഭൂമിയിൽനിന്ന് 1367 കിലോമീറ്റർ അകലെ, ദീർഘവൃത്താകൃതിയിലുള്ള ഉയർന്നഭ്രമണപഥത്തിലായിരിക്കും ക്രൂഡ്രാഗണിന്റെ സഞ്ചാരം. താഴ്ന്ന ഭൂഗുരുത്വത്തിൽ മനുഷ്യശരീരം എങ്ങനെ പ്രതികരിക്കും പേടകത്തിലെത്തുന്ന വികിരണങ്ങളുടെ തോത് കണക്കാക്കൽ തുടങ്ങി, ഉയർന്നഭ്രമണപഥത്തിൽ അഞ്ചുദിവസമെടുത്ത് നാല്പതോളം ഗവേഷണങ്ങൾ യാത്രികർ നടത്തും. സ്‌പെയ്‌സ് എക്സിന്റെതന്നെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴിയാണ് പൊളാരിസ് ഭൂമിയുമായി ആശയവിനിമയം നടത്തുക. മൂന്നുഘട്ടമായി ആസൂത്രണം ചെയ്തിരിക്കുന്ന പൊളാരിസിന്റെ ആദ്യദൗത്യമാണ് പൊളാരിസ് ഡോൺ.
കൊളറാഡോ സർവകലാശാലയിൽനിന്ന് എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയ സാറ 2015-ലാണ് സ്‌പെയ്‌സ് എക്‌സിൽ ജോലിയിൽ കയറിയത്. വിവിധ നാസ- സ്‌പെയ്സ് സംയുക്ത ദൗത്യങ്ങളിൽ യാത്രികർക്ക് പരിശീലനം നൽകിയിട്ടുമുണ്ട് സാറ. ഇന്ത്യൻ വംശജനും യു.എസ്. വ്യോമസേനയിൽ പൈലറ്റുമായ അനിൽമേനോനാണ് അന്നയുടെ ഭർത്താവ്. വർഷങ്ങൾക്കുമുൻപ് കേരളത്തിൽനിന്ന് യു.എസിലേക്ക് കുടിയേറിയതാണ് അനിലിന്റെ അച്ഛൻ. അമ്മ യുക്രൈൻ സ്വദേശിനിയാണ്.
സ്‌പെയ്‌സ് എക്സ് പുതുതായി വികസിപ്പിച്ച പ്രത്യേക കുപ്പായം ധരിച്ച് ഐസക്മാനും അന്നയും ബഹിരാകാശത്തുകൂടി നടക്കും. ഭൂമിയിൽനിന്ന് 700 കിലോമീറ്റർ ഉയരത്തിൽ 15 മുതൽ 20 മിനിറ്റുവരെയായിരിക്കും നടക്കുന്നതെന്നാണ് കരുതുന്നത്. പൊതുവേ 49 മിനിറ്റോളമാണ് ബഹിരാകാശനടത്തത്തിന്റെ പരമാവധി സമയം. ഐസക്മാനും സാറയും ഒരുമിച്ചായിരിക്കില്ല നടക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനുമുൻപ് നാസയുൾപ്പെടെ സർക്കാരുകൾക്ക് കീഴിലുള്ള ബഹിരാകാശഏജൻസികളുടെ ശാസ്ത്രജ്ഞർമാത്രമേ ബഹിരാകാശത്തുനടന്നിട്ടുള്ളൂ. 1965-ൽ നാസയുടെ എഡ് വൈറ്റാണ് ബഹിരാകാശത്തുനടന്ന ആദ്യവ്യക്തി. ഐസക്മാന്റെ രണ്ടാം ബഹിരാകാശയാത്രയാണിത്. 2021-ലായിരുന്നു ആദ്യത്തേത്. പൊളാരിസ്-1 ന് ഐസക്മാന് 5.5 കോടി ഡോളർ ചെലവായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.