കെഎസ്ആർടിസി ബസിന്റെ വാതിൽ അടർന്നു വീണത് യാത്രയ്ക്കിടെ; പുറത്തേക്ക് വീണുപോകുമായിരുന്ന ഡ്രൈവറെ ‘കൈവിടാതെ’ യുവതി; ഷമീനയുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
കുറ്റ്യാടി: ബസ്സിനുള്ളിൽ കെഎസ്ആർടിസി ഡ്രൈവർക്ക് രക്ഷകയായി യുവതി.കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരുമായി തൊട്ടിൽപ്പാലത്തേക്കു പോകാൻ സ്റ്റാൻഡ് ചുറ്റുന്നതിനിടെയാണ് സംഭവം. ബസ്സിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ യാത്രയ്ക്കിടെ അടർന്നുവീഴുകയായിരുന്നു. പിന്നാലെ പുറത്തേക്ക് വീഴാൻ പോയ ഡ്രൈവറെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് ബസ്സിലെ യാത്രക്കാരിയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ കെ ഷമീനയാണ്. ഷമീനയുടെ ഇടപെടലിൽ വലിയൊരു അപകടമാണ് ഒഴിവായി പോയത്. ബസിന്റെ വാതിൽ കെട്ടിയിട്ട നിലയിലായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
ബസ് ഡ്രൈവറെ രക്ഷപ്പെടുത്തിയ കാവിലുംപാറ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡൻറുകൂടിയായ കെ.കെ. ഷമീനയെ കുറ്റ്യാടി, കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ പി.കെ. സുരേഷ്, കെ.പി. ബിജു തുടങ്ങിയവർ അഭിനന്ദിച്ചു.