ആദ്യ ഹാട്രിക്ക് അഖില്‍ ദേവിന്; ആലപ്പി റിപ്പ്ള്‍സിനെ 90ല്‍ പുറത്താക്കി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക്ക് വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരം അഖില്‍ ദേവ്. ആലപ്പി റിപ്പ്ള്‍സിനെതിരായ പോരാട്ടത്തിലാണ് താരം ഹാട്രിക്ക് വിക്കറ്റുകള്‍ നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആലപ്പി 18.5 ഓവറില്‍ വെറും 90 റണ്‍സിന് എല്ലാവരും പുറത്തായി. മത്സരത്തില്‍ ആകെ 2 ഓവര്‍ എറിഞ്ഞ അഖില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ആല്‍ഫി ഫ്രാന്‍സിസ് (8), ഫസില്‍ ഫനൂസ് (0), വിനൂപ് മനോഹരന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് താരം തുടരെ വീഴ്ത്തിയത്.
ആലപ്പിക്കായി അക്ഷയ് ടികെ (34), ഉജ്വല്‍ കൃഷ്ണ (32) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. മറ്റൊരാളും രണ്ടക്കം കടന്നില്ല. നാല് താരങ്ങള്‍ പൂജ്യത്തില്‍ മടങ്ങി.
അഖില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അജിത് വാസുദേവന്‍, അഖില്‍ സ്‌കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നിഖില്‍ എം ഒരു വിക്കറ്റെടുത്തു.