‘അഭിനേതാക്കളടക്കം എല്ലാവർക്കും തൊഴിൽ കരാർ’; പുതിയ നിർദേശവുമായി ഡബ്ല്യുസിസി
കൊച്ചി: മലയാള സിനിമ മേഖലയിൽ അഭിനേതാക്കൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും കരാർ വേണമെന്ന് ഡബ്ല്യുസിസി. മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളോടെ ഒരു പരമ്പര ആരംഭിക്കുന്നതായി ഡബ്ല്യുസിസി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഈ നിർദേശം വനിതാ കൂട്ടായ്മ മുന്നോട്ടു വച്ചത്. ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടമാണ് കൂട്ടായ്മ ലക്‌ഷ്യം വയ്ക്കുന്നത്. ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്‍റെ ഭാഗമാക്കണമെന്നും സംഘടന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പ്രതിഫലവും നിബന്ധനകളും കാലാവധിയും ക്രെഡിറ്റുകളും കരാറിൽ വ്യക്തമാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാർ രൂപരേഖകൾ ഉണ്ടാകണം. കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള അവകാശം വേണം. താത്ക്കാലിക ജീവനക്കാർക്കും കരാറുകൾ വേണം. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടും കമ്മിറ്റി നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ലൈംഗികാതിക്രമത്തിനെതിരായ 2013ലെ പോഷ് നിയമം നടപ്പാക്കണമെന്നും ലിംഗവിവേചനവും പക്ഷപാത ഇടപെടലുകളും ലൈംഗികാതിക്രമങ്ങളും തടയണമെന്നും ആവശ്യമുണ്ട്. ലഹരി പദാർഥങ്ങൾക്ക് അടിപ്പെട്ട് തൊഴിലിൽ ഏർപ്പെടരുത്. ഏജന്റുമാർ അനധികൃത കമ്മിഷൻ കൈപ്പറ്റാൻ പാടില്ല. തൊഴിലിടത്ത് ഭീഷണിയും തെറിവാക്കുകളും ബലപ്രയോഗവും അക്രമവും അപ്രഖ്യാപിത വിലക്കുകളുമെല്ലാം തടയണമെന്നും ഇക്കാര്യങ്ങളിലെല്ലാം പരാതിപ്പെടാൻ ഔദ്യോഗിക പരിഹാര സമിതി വേണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു.