സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും; സംഘർഷമുണ്ടായാൽ പൊലീസ് ഇടപെടും; സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തണം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സംരക്ഷണത്തോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. ടെസ്റ്റ് പരിഷ്കരണത്തിനെതിരെ
സംയുക്ത സമരസമിതിയുടെ പ്രതിഷേധം കണക്കിലെടുത്താണ് പൊലീസ് സംരക്ഷണത്തോടെ ടെസ്റ്റ് നടത്തുന്നത്. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം.
മോട്ടോർ വാഹനവകുപ്പിന് സ്വന്തമായി സ്ഥലമുള്ളയിടത്താകും ടെസ്റ്റുകൾ നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. കെഎസ്ആർടിസിയുടെ സ്ഥലങ്ങളിൽ ഉള്‍പ്പടെ ടെസ്റ്റ് നടത്താനാണ് തീരുമാനം.
ഇന്നലെ ചേർന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. പരിഷ്കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദേശം.