മുറ്റത്തെ പൂക്കളമെല്ലാം വെള്ളത്തിലാകും; വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ, ഇന്ന് യെല്ലോ അലേർട്ട് ഏഴ് ജില്ലകളിൽ

 മുറ്റത്തെ പൂക്കളമെല്ലാം വെള്ളത്തിലാകും; വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ, ഇന്ന് യെല്ലോ അലേർട്ട് ഏഴ് ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിൽ ശക്തമായി തുടരുമെന്ന് അറിയിപ്പ്. ഇന്ന് ഏഴു ജില്ലകളിലാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലേർട്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് ആയിരിക്കും.

ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമർദ്ദം മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായിട്ടാണ് തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. വടക്കു ദിശയിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് സഞ്ചരിക്കുന്ന തീവ്രന്യൂനമർദം അതിതീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തുടർന്ന് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി ഇന്ന് വൈകുന്നേരത്തോടെ പുരിക്കും (ഒഡിഷ), ദിഗക്കും (Digha, പശ്ചിമ ബംഗാൾ) ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത.

കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെയാണ് പുതിയ ന്യൂനമർദപാത്തി രൂപപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ ഫലമായി ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

ഇന്ന് ആന്ധ്രാ പ്രദേശ് തീരം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നിരിക്കുന്ന മധ്യ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉൾക്കടൽ , തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *